X

ബഹ്‌റൈച്ച് കലാപത്തിൽ ബി.ജെ.പിക്ക് പങ്കുണ്ട്, ഹിറ്റ്‌ലറുടെ കാലത്തെപ്പോലെ കലാപകാരികൾക്ക് സർക്കാർ സ്വാതന്ത്ര്യം നൽകി: അഖിലേഷ് യാദവ്

ബഹ്‌റൈച്ചിൽ അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജർമൻ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടെ കാലത്ത് കലാപകാരികൾക്ക് അക്രമം നടത്താൻ സ്വാതന്ത്ര്യം നൽകിയത് പോലെ ബഹ്‌റൈച്ച് കലാപത്തിലും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി പ്രവർത്തകരും നേതാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി നേതാക്കളാണ്, കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതിന് സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെ അവരുടെ എം.എൽ.എ ഇപ്പോൾ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ഇങ്ങനെയാണ് ഹിറ്റ്‌ലർ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിറ്റ്‌ലർ തൻ്റെ പാർട്ടി പ്രവർത്തകരെ പൊലീസ് യൂണിഫോം ധരിച്ച് മുന്നണിയിലേക്ക് അയച്ചിരുന്നു. യഥാർത്ഥ പൊലീസിനെ നീക്കം ചെയ്യുകയും കലാപം നടത്താൻ അനുവദിക്കുകയും ചെയ്തു,’ അദ്ദേഹം അവകാശപ്പെട്ടു.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറുപടിയില്ലാത്തതിനാലാണ് ബി.ജെ.പി ഇത്തരം കലാപങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘അവർ സംവരണം തട്ടിയെടുക്കുകയാണ്. കൂടാതെ ഭരണഘടനയെ അവർ മാനിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്നത് അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ബഹ്‌റൈച്ചിൽ ഉണ്ടായ വർഗീയ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി മുന്നോട്ടെത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമർശം.

ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

ഒക്ടോബർ 13ന് വൈകുന്നേരം ബഹ്‌റൈച്ചിലെ മഹാസി തഹ്‌സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് വർഗീയ കലാപത്തിൽ ഗോപാൽ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ശലഭ് മണി ത്രിപാഠി എക്‌സിൽ പോസ്റ്റ് വർഗീയപരമായ പോസ്റ്റ് ഇടുകയായിരുന്നു.

webdesk13: