X

“ജനതന്ത്രത്തെ ധനതന്ത്രം കൊണ്ട് അട്ടിമറിക്കുന്നു”; മോദി മന്ത്രിസഭക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ഡല്‍ഹിയില്‍ സ്വകാര്യ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സിന്‍ഹ കടന്നാക്രമിച്ചത്.
മോദിയുടെ അഴിമതി രഹിത മുദ്രാവാക്യമായ നാ കഹൂംഗ, ന കഹ്‌നേ ദൂംഗ(ഒന്നും ചെയ്യരുത്-അഴിമതി-, ചെയ്യാന്‍ അനുവദിക്കരുത്) അനുകരിച്ചായിരുന്നു വിമര്‍ശനം. നാ ജീയോംഗാ നാ ജീനേ ദൂംഗ (ഞാന്‍ ജീവിക്കില്ല, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയുമില്ല) എന്ന് പറഞ്ഞിട്ടല്ല ഞങ്ങളൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഒരു വ്യക്തിയെ പിന്തുണക്കുക, അല്ലെങ്കില്‍ രാജ്യദ്രോഹികളെന്ന വിളി ഏറ്റുവാങ്ങാന്‍ തയ്യാറാകുക എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ.
കേന്ദ്രമന്ത്രിസഭ എന്നത് മുഖസ്തുതിക്കാരുടെ ബെഞ്ച് മാത്രമായി ചുരുങ്ങി. 90 ശതമാനം മന്ത്രിമാരും നിങ്ങളെ(ജനങ്ങളെ) മനസ്സിലാക്കുന്നില്ല. ക്രിയാത്മകമായോ നിര്‍മാണാത്മകമായോ അവര്‍ ഒന്നും ചെയ്യുന്നില്ല. സ്വന്തം തൊഴില്‍ സംരക്ഷിക്കാനുള്ള പാദസേവ മാത്രമാണ് നടത്തുന്നത്.
വക്കീലീന്(അരുണ്‍ ജെയ്റ്റ്‌ലി) ധനമന്ത്രി ആകാമെങ്കില്‍, ടി.വി നടിക്ക്(സ്മൃതി ഇറാനി) മാനവ വിഭവശേഷി മന്ത്രി ആകാമെങ്കില്‍, ചായ വില്‍പ്പനക്കാരന്(നരേന്ദ്രമോദി) …… , എന്തുകൊണ്ട് എനിക്കു മാത്രം ഈ വിഷയങ്ങളിലൊന്നും സംസാരിച്ചു കൂട.
ബുദ്ധിജീവികളും എഴുത്തുകാരും കൊല്ലപ്പെടുന്നു. ജഡ്ജിമാര്‍ വരെ കൊല്ലപ്പെടുന്നു(അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ മരണം). ഈ വിഷയങ്ങള്‍ക്കൊന്നും മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല. ധനതന്ത്രം(പണാധിപത്യം) കൊണ്ട് ജനതന്ത്രത്തെ(ജനാധിപത്യത്തെ) സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്.
കേന്ദ്രമന്ത്രിസഭയില്‍ പ്രവേശനം ലഭിക്കാത്തവരാണ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്ന വാദവും അദ്ദേഹം തള്ളി. താന്‍ ഒരിക്കലും അത്തരം സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

chandrika: