X

വിവാദ പ്രസ്താവന: കേരളത്തില്‍ ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: എ.എന്‍ രാധാകൃഷ്ണന്റെ പാകിസ്താന്‍ പരാമര്‍ശവും ഇതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ പത്മനാഭന്റെ രംഗപ്രവേശനവും തെളിയിക്കുന്നത് ബി.ജെ.പിയിലെ രൂക്ഷമായ പ്രതിസന്ധി. ഇരു വാദങ്ങളും അംഗീകരിക്കുന്നവര്‍ ബി.ജെ.പിയില്‍ ഉണ്ടെന്നത് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. അതേസമയം രണ്ടു പേര്‍ക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാവാനും സാധ്യതയുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എ.എന്‍ രാധാകൃഷ്ണനെപ്പോലുള്ള നേതാവില്‍ നിന്ന് ഇത്തരത്തിലൊരു പ്രസ്താവന വന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തന്നാണ് സി.കെ പത്മനാഭ പക്ഷം വ്യക്തമാക്കുന്നത്.

പാര്‍ട്ടി നടത്തിയ മേഖലയാത്രകളുടെ ശോഭ കെടുത്തുന്നതായിപ്പോയി രാധാകൃഷ്ണന്റെ പ്രസ്താവനയെന്നും പത്മനാഭ പക്ഷം വ്യക്തമാക്കുന്നു. കമല്‍ രാജ്യം വിട്ട് പോകണമെന്ന രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ അതിശക്തമായാണ് സി.കെ. പത്മനാഭന്‍ പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാധാകൃഷ്ണന്റെ കടുത്ത പ്രസ്താവനയോട് വിയോജിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധാകൃഷ്ണനെ പരസ്യമായി തള്ളിപ്പറഞ്ഞ പത്മനാഭന്‍ ഒരാളോട് രാജ്യം വിട്ട് പോകണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് പറഞ്ഞത്.

കമലിനെതിരെ മാത്രമല്ല, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടിക്കെതിരെ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.ഇത് ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയാണ് തെളിയിക്കുന്നത്. സംസ്ഥാനത്തെ വിഭാഗീയത അവസാനിപ്പിക്കാനാണ് കുമ്മനത്തെ ദേശീയ നേതൃത്വം അദ്ധ്യക്ഷനായി നിയമിച്ചത്. എന്നാല്‍ വിഭാഗീയത അവസാനിക്കുന്നില്ല എന്നുമാത്രമല്ല പുതിയ വിവാദങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

chandrika: