ഡല്‍ഹി: 56 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നില്‍. മധ്യപ്രദേശില്‍ 18 സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ 26 എംഎല്‍എമാരുമായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. 230 അംഗങ്ങളുള്ള നിയമസഭയില്‍ 115 അംഗങ്ങളുടെ പിന്‍ബലം മതി കേവലഭൂരിപക്ഷത്തിന്.ഗ്വാളിയാര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയുടെ 16 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വഗ്വിജയ് സിങ്ങിന് സ്വാധീനമുള്ള പ്രദേശമാണിവിടം.
ഗുജറാത്തില്‍ ഏഴ് സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി അഞ്ച് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഏഴുസീറ്റുകളിലെ തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന് നിര്‍ണായകമാണ്. ഹാത്രസ് സംഭവത്തില്‍ രാജ്യത്താകമാനം യോഗി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. അതേസമയം, ഗുജറാത്തില്‍ എട്ട് സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.