X
    Categories: CultureMoreViews

ബി.ഡി.ജെ.എസ് ഇടഞ്ഞ് തന്നെ; ചെങ്ങന്നൂരില്‍ പ്രതീക്ഷ നശിച്ച് ബി.ജെ.പി

ആലപ്പുഴ: നാല്‍പതിനായിരത്തിന് മുകളില്‍ കഴിഞ്ഞ തവണ വോട്ട് നേടിയ സ്ഥാനാര്‍ത്ഥി, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍, കോടികള്‍ ഒഴുക്കി കൊണ്ടുള്ള പ്രചാരണ കോലാഹലങ്ങള്‍, അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടിട്ടും ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ പ്രചരണ രംഗത്ത് ബിജെപിക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.
എന്‍ഡിഎ മുന്നണിയിലേയും പാര്‍ട്ടിയിലേയും ആഭ്യന്തര പ്രശ്‌നങ്ങളാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യുഡിഎഫും എല്‍ഡിഎഫും പ്രചരണ രംഗത്ത് ഏറെ മുന്നില്‍ എത്തിയിട്ടും എന്‍ഡിഎയുടെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ പോലും ബിജെപിക്കായിട്ടില്ല.സ്ഥനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള ബിജെപി പ്രവര്‍ത്തകരെ മാത്രം ഒപ്പം കൂട്ടി പ്രചരണം നടത്തേണ്ട അവസ്ഥയിലാണ്.
മുന്നണിയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ് തുടരുന്ന നിസംഗതയാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കാത്തതും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍ ബിജിപി സംസ്ഥാന നേതാക്കള്‍ തട്ടിയെടുത്തതും ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളാണ് ഇരു പാര്‍ട്ടിക്കുമിടയിലുള്ളത്. ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം നേരിട്ടും ദൂതന്മാര്‍ മുഖേനയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുഷാര്‍ ഇനിയും വഴങ്ങിയിട്ടില്ല. ഭൂരിപക്ഷ സമുദായത്തിന് നിര്‍ണ്ണായ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍എസ്എസ് കഴിഞ്ഞാല്‍ ശക്തമായ വോട്ട് ബാങ്കാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യൂണിയന്റെ പ്രാദേശിക നേതൃത്വത്തിലെ ഭൂരിഭാഗം പേരും ബിഡിജെഎസിന്റെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇവര്‍ സജീവമായി ഇറങ്ങിയതാണ് സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്താന്‍ ശ്രീധരന്‍പിള്ളക്ക് സഹായമായത്. ബിജെപി നേതൃത്വത്തിലുള്ളവര്‍ക്ക് സവര്‍ണ മനോഭാവമാണെന്ന ആരോപണവുമായി വെളളപ്പളളി നടേശന്‍ തന്നെ രംഗത്ത് വന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ദേശീയതലത്തില്‍ ബിജെപിക്ക് ഒപ്പമുള്ള ശിവസേന നാലാം മുന്നണിയുമായി ചെങ്ങന്നൂരില്‍ എത്തുന്നത് ചെറിയ നിലയിലെങ്കിലും ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കും. തീവ്ര സ്വഭാവമുള്ള ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ശിവസേന നടത്തുന്ന നീക്കങ്ങള്‍ ബിജെപി ക്യാമ്പിലെ നെഞ്ചിടിപ്പ് കൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പണമൊഴിക്കി പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്.
ശ്രീധരന്‍പിള്ളയുടെ തനിച്ചുള്ള പ്രചരണങ്ങളും സംസ്ഥാന നേതാക്കളെത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കലും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കലും മാത്രമാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ കേന്ദ്രം നേതൃത്വം എണ്ണിയ ചെങ്ങന്നൂരില്‍ യാതൊരുവിധ ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയാതെ വരും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: