X
    Categories: indiaNews

പോളിംഗ് കുറഞ്ഞു; ബി.ജെപിക്ക് നെഞ്ചിടിപ്പേറി ;ഗുജറാത്തില്‍ നിര്‍ണായകം

ഗുജറാത്ത് നിയമസഭയിലേക്ക് രണ്ടുഘട്ടമായി നടന്ന വോട്ടെടുപ്പിന്റെ ഫലം വരാന്‍ മൂന്നുദിവസം കൂടി ബാക്കിയിരിക്കെ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി.ജെ.പിയെ ഞെട്ടിക്കുന്നു. ഭരണത്തോടുള്ള വിപ്രതിപത്തിയാണ് ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് സൂചനകള്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത് മോദിയുടെ കക്ഷിയായ ബി.ജെ.പിയാണ് .മോദിയുടെ സ്വന്തം തട്ടകമെന്നതും സംസ്ഥാനത്തെ ഫലത്തെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ ആശങ്കപരത്തി. മോദിക്കെതിരെ പാര്‍ട്ടിയില്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ മനസ്സും ത്രിശങ്കുവിലാണ്.

ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പോളിംഗ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത.് എട്ടുശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത.് 2017ല്‍ 67 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 60ലും താഴെയാണ്. രണ്ട് ഘട്ടത്തിലുമായി 7.9 ശതമാനത്തിന്റെ കുറവാണ ്ഇതുവരെ കണ്ടെത്തിയിരിക്കുന്നത.് തുടര്‍ച്ചയായി ആറുതവണയായി സംസ്ഥാനം ഭരിക്കുന്ന കക്ഷിയോട് ജനങ്ങള്‍ക്ക് വെറുപ്പ് തോന്നിത്തുടങ്ങിയെന്ന് വേണം അനുമാനിക്കാന്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇതോടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 2017ല്‍ 66.75 ശതമാനമുണ്ടായ പോളിംഗ് ഇത്തവണ 63.14 ആയി കുറയുന്നതാണ ്കണ്ടത്. അതുപോലെ രണ്ടാം ഘട്ടത്തിലും 2017നെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്- 54.9ല്‍നിന്ന് 50.5 ആയി കുറവ്.

മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ മതേതരപ്രതിച്ഛായയെ വെല്ലാന്‍ ആം ആദ്മിക്ക് കഴിയാതായതോടെ മതേതരവോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസ് പെട്ടിയില്‍തന്നെ വീണേക്കും. മോദിക്ക് പുറമെ അമിത്ഷായുടെ നിലയും ഇതോടെ പരുങ്ങലിലാണ്.

Chandrika Web: