മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കി ബി.ജെ.പിയുടെ പ്രചാരണം. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്ലിം വിഭാഗത്തിനുള്ള സംവരണം നിര്‍ത്തലാക്കുമെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നേരത്തെ കര്‍ണാടകയില്‍ ബസവരാജ ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിംകള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കിയിരുന്നു. ഇതേ നടപടി തെലങ്കാനയിലും ആവര്‍ത്തിക്കുമെന്നാണ് ഹൈദരബാദില്‍ വെച്ച് നടന്ന റാലിയില്‍ വെച്ച് അമിത് ഷാ പറഞ്ഞത്. മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട നാലില്‍ നിന്നും പന്ത്രണ്ട് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു 2017 മുതല്‍ ശ്രമം നടത്തുന്നുണ്ട്. ഇവ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന ചില റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നീട് ഈ ക്വാട്ട വീരശൈവ-ലിങ്കായത്തുകള്‍, വൊക്കലിംഗ സമുദായങ്ങള്‍ക്കായി തുല്യമായി വീതിച്ച് നല്‍കുകയായിരുന്നു. കര്‍ണാടകയില്‍ മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിലയിരുത്തലുകള്‍. തെലങ്കാനയില്‍ ഈ വര്‍ഷം അവസനം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിംകള്‍ക്കുള്ള സംവരണം വിഷയമാക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.