നാമനിര്‍ദേശം ചെയ്യപ്പെട്ട 4 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് ശനിയാഴ്ച പൂര്‍ത്തിയായത്.
നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയിലെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിയുടെ അംഗസംഖ്യ 101 ആയും കുറഞ്ഞു. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 12 അംഗങ്ങളുടെ കുറവാണ് ഇപ്പോള്‍ എന്‍.ഡി.എയ്ക്കുള്ളത്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ നിലവില്‍ 113 ആണ് ബില്ലുകള്‍ പാസാക്കാനാവശ്യമായ കേവലഭൂരിപക്ഷം. നിലവില്‍ 225 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് 87 അംഗങ്ങളാണുള്ളത്. ഇതില്‍ 26 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 13 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ്. ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ. എന്നീ പാര്‍ട്ടികള്‍ക്ക് 10 വീതം അംഗങ്ങളും രാജ്യസഭയിലുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ് ഉള്‍പ്പെടെ ബി.ജെ.പിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിലില്ലാത്ത പാര്‍ട്ടികളുടെ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും സ്വതന്ത്രരുമാണ് ബാക്കിയുള്ളവര്‍.
കേവലഭൂരിപക്ഷമില്ലെങ്കിലും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാനുള്ള സാധ്യത ബി.ജെ.പിക്ക് മുന്നില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ചിരിക്കും. ഒരുസഖ്യത്തിലുമില്ലാത്ത പാര്‍ട്ടികളെ ഒപ്പം കൂട്ടുക മാത്രമാണ് ബി.ജെ.പിക്ക് മുന്നിലുള്ള ഏകമാര്‍ഗം. തമിഴ്നാട്ടിലെ മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ആന്ധ്രപ്രദേശിലെ ജഗന്‍ മോഹന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ബില്ലുകള്‍ രാജ്യസഭ കടത്താം. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 11 അംഗങ്ങളും എ.ഐ.എ.ഡി.എം.കെയ്ക്ക് 4 അംഗങ്ങളുമാണ് രാജ്യസഭയിലുള്ളത്.