കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പൊലീസ് സംരക്ഷണം ഉറപ്പ് നല്‍കിയതോടെ പ്രകടനം നടത്തിയാണ് വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നത്. എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തിയതോടെ പൊലീസ് നോക്കുകുത്തയാവുന്ന കാഴ്ചയാണ് ഉണ്ടായത്. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു.
പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ്പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ നിരവധി കടകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചില കടകള്‍ ബലമായി അടപ്പിച്ചെങ്കിലും വ്യാപാരികള്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
ആദ്യം നിഷ്‌ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.