അഗര്‍ത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രം വീടുകളില്‍ തൂക്കിയാല്‍ അടുത്ത 35 വര്‍ഷം ബിജെപി അധികാരത്തില്‍ തുടരുമെന്ന വാദമുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളും സന്ദേശങ്ങളും സംസ്ഥാനത്തെ 80% വീടുകളിളെ വാതിലുകളില്‍ തൂക്കിയിട്ടാല്‍ അടുത്ത 30-35 വര്‍ഷ കാലം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നായിരുന്നു, ബിപ്ലബിന്റ വിചിത്രവാദം.
ഇതിനായി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി ചിത്രങ്ങള്‍ വിതരണം ചെയ്യണമെന്നും എല്ലാ വീടുകളിലും തൂക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച അഗര്‍ത്തലല്‍ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹിളാ മോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്‍, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍, ബിജെപി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ആരെങ്കിലും വീടുകളില്‍ വിവേകാനന്ദന്റെ ചിത്രം തൂക്കിയിട്ടുണ്ടോ?, ബിപ്ലബ് ദേബ് ചോദിച്ചു. നമ്മുടെ സംസ്‌കാരവും പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിച്ച് അങ്ങനെ ചെയ്താല്‍ അടുത്ത 35 വര്‍ഷം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും, ബിപ്ലബ് ദേബ് അവകാശപ്പെട്ടു.
കുറച്ചുമാത്രം സംസാരിക്കുകയും മൗനം പാലിക്കാനും സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായും ദേബ് ഉണര്‍ത്തി. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യമില്ലാതെ കൂടുതല്‍ ശബ്ദിച്ചാല്‍ നമ്മുടെ ഊര്‍ജ്ജം നഷ്ടമാകുമെന്നും ദേബ് പറഞ്ഞു