അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം.
കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന്റെ എല്ലാ പൊതു പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ തീവ്ര നിലപാട് ബി.ജെ.പിയ്ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
യു.പി, ഉത്തരാഖണ്ഡ് നിയമസഭാ വിജയത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന നിയമസഭയുടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. പട്ടേല്‍ സംവരണ വിഷയത്തില്‍ പ്രതിരോധത്തിലായ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന് കടുത്ത ഗോവധ നിരോധന നിയമം ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പശു, ഗംഗ, ഗീത എന്നിവ സംരക്ഷിക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി നിയമം വഴി ചെയ്യാവുന്നതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും രൂപാണി അറിയിച്ചു.
2011ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ഗോവധ നിരോധനവും പശുക്കളെ കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. മോദി നടപ്പിലാക്കിയ നിയമമനുസരിച്ച് കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കും. കാലിക്കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൊലീസിന് ആറു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യാം. സര്‍ക്കാറിന്റെ നിര്‍ദ്ദിഷ്ട ബില്ലില്‍ ഗോവധവും കാലിക്കടത്തും ജാമ്യമില്ലാ കുറ്റമാണ്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയുമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഇതോടൊപ്പം കാലികളെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനം സര്‍ക്കാറിന് സ്വന്തമാക്കുകയും ചെയ്യാം.