X

കേന്ദ്ര ബജറ്റ്: പെട്രോള്‍ ഡീസല്‍ വിലയിലെ കൊള്ള തുടരും; ഒരു രൂപ അധിക സെസ്

രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി.
പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. റോഡ് സെസും അധിക സെസുമാണ് വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ വന്‍കൊള്ളയാണ് നേരത്തെ തന്നെ മോദി സര്‍ക്കാര്‍ നടത്തി വന്നിരുന്നത്. ഇപ്പോള്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ കൊള്ള കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു രൂപ വീതം അധികം ചുമത്തിയ ബജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

സ്വര്‍ണവിലയിലും വര്‍ധനവുണ്ടാകും. സ്വര്‍ണത്തിന്റെയും രത്‌നത്തിന്റെയും കസ്റ്റംസ് തീരുവ 10 ആയിരുന്നത് 12.5 ശതമാനമാക്കി ഉയര്‍ത്തി.

കഴിഞ്ഞ കുറച്ചഴനാളുകളായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ് നില്‍ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാരന് ഭാരമായി ഇന്ധന വില വീണ്ടും കൂട്ടുന്നത്. നിലവില്‍ 70.51 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. മുംബൈയില്‍ 76.15 രൂപയും. ഡീസലിന് ഡെല്‍ഹിയില്‍ 64.33 രൂപയും, മുംബൈയില്‍ 67.96 രൂപയുമാണ്.

നിലവില്‍ 17.98 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടി, വാറ്റ് 14.98 രൂപയും. ലിറ്ററിന് 13.83 രൂപയാണ് ഡീസലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടി, 9.47 രൂപയാണ് വാറ്റ്.

chandrika: