മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി സര്‍ക്കാറുകള്‍ നല്‍കി കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു. ഇപ്പോള്‍ യുപിയിലെ സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ആരാധനാലയങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ സമ്പലില്‍ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകര്‍ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. 1991 ല്‍ പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്. ഇന്ത്യയിലാകെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാല്‍ സര്‍വ്വേ നടത്തനെന്ന പേരില്‍ മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാന്‍ സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളില്‍ നിയമപരമായ പോരാട്ടത്തിന് മുന്നില്‍ നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.