X

സുപ്രീം കോടതിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി ബിജെപി സര്‍ക്കാര്‍; ഗുജറാത്തില്‍ നിരവധി ദര്‍ഗകളും 200ലധികം വീടുകളും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു

ബുള്‍ഡോസര്‍ നടപടികളില്‍ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ വകവെക്കാതെ ഗുജറാത്തും. നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കല്‍ യജ്ഞവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം.

ദ്വാരക ജില്ലയിലെ ബെറ്റ് ദ്വാരക, ജാംനഗര്‍ ജില്ലയിലെ പിറോട്ടന്‍ ദ്വീപുകളിലായാണ് പൊളിക്കല്‍ യജ്ഞം ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. 200ഓളം വീടുകളും കെട്ടിടങ്ങളും ദര്‍ഗകളുമാണ് ഭരണകൂടം പൊളിച്ചു നീക്കിയത്. അനധികൃത കൈയേറ്റം ആരോപിച്ചാണു നടപടി. പ്രശസ്തമായ ഹസ്രത്ത് പീര്‍ പഞ്ച് ദര്‍ഗ ഉള്‍പ്പെടെ പത്ത് സൂഫി തീര്‍ഥാടനകേന്ദ്രങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

ഓഖയിലുള്ള ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പീര്‍ പഞ്ച് ദര്‍ഗ സ്ഥിതി ചെയ്യുന്നതെന്നാണു ഭരണകൂടം ആരോപിക്കുന്നത്. നൂറുകണക്കിന് അധികം വിശ്വാസികള്‍ സന്ദര്‍ശിക്കാറുള്ള സംസ്ഥാനത്തെ പ്രശസ്തമായ ദര്‍ഗങ്ങളിലൊന്നാണിത്.

ദര്‍ഗയുടെ കവാടവും പ്രധാന കെട്ടിടവും ഉള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ചു നിരപ്പാക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീര്‍ഥാടകരുടെ സന്ദര്‍ശനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷമായിരുന്നു നടപടി.

ബെറ്റ് ദ്വാരകയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയും അനധികൃതമായും നിര്‍മിച്ച കെട്ടിടങ്ങളും വീടുകളും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നാണ് ഭരണകൂടത്തിന്റെ അവകാശ വാദം. 9.5 കോടിയോളം രൂപ വിലമതിക്കുന്ന 16,000 ചതുരശ്ര അടി സ്ഥലമാണ് ഇതിനകം ഭരണകൂടം ഒഴിപ്പിച്ചതെന്നാണു വിവരം.

ദ്വാരക സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണു ബുള്‍ഡോസര്‍ നടപടികള്‍ പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി ആയിരത്തിലേറെ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. നിരവധി താമസക്കാര്‍ അപ്രതീക്ഷിതമായി കുടുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താമസക്കാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ വീടുകള്‍ പൊളിച്ചുമാറ്റുന്നതിന് മുമ്പ് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പറഞ്ഞു. നാശനഷ്ടത്തെ തുടര്‍ന്ന് ആളുകള്‍ തങ്ങളുടെ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ പരക്കം പാഞ്ഞു, വീടുകള്‍ തകര്‍ന്നതോടെ സ്ത്രീകളും കുട്ടികളും ദുരിതത്തിലായി.

കോടിക്കണക്കിനു മനുഷ്യരുടെ പുണ്യഭൂമിയായ ബെറ്റ് ദ്വാരകയുടെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ചത്. പിറോട്ടന്‍ ദ്വീപിലുള്ള 9 ദര്‍ഗകളാണ് പൊളിച്ചുനീക്കിയത്. ഇവിടെ 4,000ത്തോളം ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചിട്ടുണ്ട്. റോഡ് മാര്‍ഗമുള്ള വാഹന ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ബുള്‍ഡോസറിനു പകരം തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ പൊളിക്കല്‍ തുടരുന്നത്.

webdesk13: