X
    Categories: CultureMoreViews

രാഹുല്‍ കൂടുതല്‍ ശക്തനാവുമ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് ബി.ജെ.പി നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ അലയൊലികള്‍ ബി.ജെ.പി ക്യാമ്പില്‍ അടങ്ങുന്നില്ല. പരിഹസിച്ച് ഒതുക്കിയിരുന്ന രാഹുല്‍ ഇന്ന് മോദിയേയും അമിത് ഷായേയും നേര്‍ക്കുനേര്‍ വെല്ലുവിളക്കാന്‍ ശേഷിയുള്ള നേതാവായി വളര്‍ന്നുവെന്ന സത്യം ബി.ജെ.പി മനസിലാക്കുന്നുണ്ട്. രാഹുല്‍ നിരന്തരമായി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ സൂചനകള്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതോടെ ബി.ജെ.പി നേതൃത്വത്തിന് അപകടം മണക്കുന്നുണ്ട്. രാജ്യത്തെ കൃഷിക്കാരും യുവാക്കളും മധ്യവര്‍ഗക്കാരും എല്ലാം രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ അസ്വസ്ഥരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാറ്റത്തിനായി ഒരുങ്ങണമെന്ന ആഹ്വാനവുമായി രാഹുല്‍ രംഗപ്രവേശനം ചെയ്യുന്നത് വീണ്ടും അധികാരത്തിലേറുകയെന്ന സ്വപ്‌നത്തിന് തടസമാവുമെന്ന് ബി.ജെ.പി നേതാക്കള്‍ മനസിലാക്കുന്നുണ്ട്.

മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തങ്ങളുടെ നിലനില്‍പ് തന്നെ ഭീഷണിയിലാകുമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നണിയുണ്ടാവേണ്ടത് പ്രാദേശിക പാര്‍ട്ടികളുടെ പ്രശ്‌നമാണ്. ഉത്തര്‍പ്രദേശിലെ ബി.എസ്.പി-എസ്.പി സഖ്യവും ടി.ഡി.പി മുന്നണി വിട്ടതും ശിവസേന ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതുമെല്ലാം ഈ ഒരു തിരിച്ചറിവിന്റെ സാഹചര്യത്തിലാണ്. മോദി മുക്ത ഭാരതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പ്രഖ്യാപിച്ചത്.

മോദിയെ താഴെയിറക്കാന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം പറയുന്നത്. രാഹുല്‍ ഗാന്ധി വ്യക്തമായ നിലപാട് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ ഐക്യനിരക്ക് ശക്തനായ ഒരു നേതാവിനെയാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ പ്രതിപക്ഷസഖ്യം ശക്തമായി പ്രവര്‍ത്തിച്ചാല്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഒഡീഷ്യ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി ശക്തമായ പോരാട്ടത്തെയാണ് നേരിടേണ്ടിവരിക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: