X

കണക്കുക്കൂട്ടലുകൾ തെറ്റി ബി.ജെ.പി, ഒറ്റക്ക് ഭൂരിപക്ഷമില്ല; ചടുല നീക്കങ്ങളുമായി ഇന്ത്യ സഖ്യം

400 സീറ്റുകള്‍ നേടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാമെന്ന ബി.ജെ.പിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പിക്ക്, ഇത്തവണ സര്‍ക്കാര്‍ രൂപവത്കരണത്തിന് സഖ്യത്തിലെ മറ്റു പാര്‍ട്ടികളുടെ പിന്തുണ കൂടിയേ തീരു.

എന്‍.ഡി.എ സഖ്യം മുന്നേറുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. 543 അംഗ ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തിയും എന്‍.ഡി.എക്കൊപ്പമുള്ള പ്രധാന പ്രദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടിയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചടുല നീക്കങ്ങള്‍ ഇന്ത്യ സഖ്യം തുടങ്ങിയതായാണ് വിവരം.

ആന്ധ്രപ്രദേശില്‍ അധികാര സിംഹാസനത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനെയും ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും പിന്തുണ തേടി ഇന്ത്യ സഖ്യം ബന്ധപ്പെട്ടിട്ടുണ്ട്. ഇരുപാര്‍ട്ടികളും ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എന്‍.ഡി.എ ക്യാമ്പിലെത്തിയത്. എന്‍.സി.പി നേതാവ് ശരദ് പവാറാണ് ഇരുനേതാക്കളെയും ഫോണില്‍ വിളിച്ചത്. ചന്ദ്രബാബുവിന്റെയും നിതീഷിന്റെയും നിലപാട് തന്നെയാകും ഇത്തവണ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ എന്‍.ഡി.എക്കും ഇന്ത്യ സഖ്യത്തിനും നിര്‍ണായകം.

പിന്തുണ ഉറപ്പിക്കാനായി ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ടതായി വിവരമുണ്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെയും ഇന്ത്യ സഖ്യ നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. 230ലധികം സീറ്റുകള്‍ നേടുകയാണെങ്കില്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും സൂചനകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കാര്യമായ സീറ്റുകളില്ലെങ്കിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാന്‍ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.

ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി 400 സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പ്രചാരണം ഏശിയെന്നുവേണം വിലയിരുത്താന്‍. 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റംവരുത്തുമെന്ന ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഒരുഘട്ടത്തില്‍ ബി.ജെ.പി തന്നെ ഈ പ്രചാരണത്തില്‍നിന്ന് പിന്നാക്കം പോയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഭരണഘടന ഉയര്‍ത്തിക്കൊണ്ടാണ് പ്രചാരണം നടത്തിയത്. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാറിനും വലിയ വെല്ലുവിളിയാകും.

ഘടകക്ഷികളുടെ തീരുമാനങ്ങക്ക് കൂടി ചെവികൊടുക്കേണ്ടി വരും. ഏത് ഘട്ടത്തിലും മറുകണ്ടം ചാടുന്ന നേതാക്കളാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. ഇപ്പോഴത്തെ ലീഡ് നില വെച്ച് ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 241 സീറ്റുകളില്‍ പാര്‍ട്ടി മുന്നിലാണ്. 99 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസാണ് തൊട്ടുപിന്നില്‍. സമാജ്വാദി പാര്‍ട്ടി (35) തൃണമൂല്‍ കോണ്‍ഗ്രസ് (31), ഡി.എം.കെ (21), ടി.ഡി.പി (16), ജെ.ഡി.യു (14) എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ മുന്നേറ്റം.

webdesk13: