2022-23 വര്‍ഷത്തില്‍ ബിജെപിക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവന 1294 കോടി രൂപ. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 7 മടങ്ങ് കൂടുതല്‍ തുകയാണ് ഭരണകക്ഷിക്ക് ലഭിച്ചത്. ഈ വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും കിട്ടിയത് ഇലക്ടോറല്‍ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1775 കോടി രൂപയാണ് സംഭാവനയിനത്തില്‍ ലഭിച്ചത്. ആകെ വരുമാനം 2360.8 കോടി രൂപ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1917 കോടി രൂപ മാത്രമായിരുന്നു.
2022-23 വര്‍ഷത്തില്‍ 171 കോടി രൂപ മാത്രമാണ് ഇലക്ടോറല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടിയത്. 2021-22ല്‍ ഇത് 236 കോടി രൂപയായിരുന്നു. കോണ്‍ഗ്രസിന്റെ ആകെ വരുമാനം 452 കോടി രൂപ. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിക്ക് ബോണ്ടുകള്‍ വഴി 3.2 കോടി രൂപ ലഭിച്ചു. മുന്‍ വര്‍ഷം ഇതു ലഭിച്ചിരുന്നില്ല. മറ്റൊരു സംസ്ഥാന കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്ക് 34 കോടി രൂപയാണ് ബോണ്ട് വഴി കിട്ടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍ മാത്രം 237 കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലെത്തി. മുന്‍ വര്‍ഷം ഇത് 135 കോടിയാരുന്നു. ഹെലികോപ്ടര്‍, എയര്‍ക്രാഫ്റ്റ് ഇനത്തില്‍ 78.2 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. മുന്‍ വര്‍ഷം ഇത് 117.4 കോടി രൂപയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമായി 76.5 കോടി രൂപയാണ് അനുദവിച്ചത്. മുന്‍ വര്‍ഷം ഇത് 146.4 കോടിയായിരുന്നു.
2022-23 വര്‍ഷത്തില്‍ രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ആകെ സംഭാവനയായി ലഭിച്ചത് 2800 കോടി രൂപയാണ്. ഇതില്‍ 46 ശതമാനവും എത്തിയത് ബിജെപി അക്കൗണ്ടിലാണ്. കോണ്‍ഗ്രസിന് കിട്ടിയത് ആറു ശതമാനം മാത്രവും.
2023 മാര്‍ച്ച് വരെ ബോണ്ടുകള്‍ വഴി ബിജെപി സ്വീകരിച്ചത് 6564 കോടി രൂപയാണ്. ആകെ ബോണ്ടുകളുടെ 55 ശതമാനം. കോണ്‍ഗ്രസിന് ലഭിച്ചത് 1135 കോടി രൂപയും. ആകെ ബോണ്ടിന്റെ 9.5 ശതമാനം.
ഇലക്ടോറൽ ബോണ്ട്
എസ്ബിഐയുടെ ഔദ്യോഗിക ശാഖകളില്‍നിന്ന് ഇന്ത്യയിലെ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വാങ്ങാന്‍ കഴിയുന്ന പലിശരഹിത ബോണ്ടാണ് ഇലക്ടോറല്‍ ബോണ്ട്. 1000, 10000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിവയുടെ ബോണ്ടുകളാണ് ലഭിക്കുക. ഇതുവഴി ഏത് അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഭാവന അയയ്ക്കാം. പ്രത്യേക സമയത്ത് ബോണ്ടുകള്‍ സമര്‍പ്പിച്ച് പാര്‍ട്ടികള്‍ക്ക് ഇത് കാശാക്കി മാറ്റാം.
ബോണ്ടുകളില്‍ നല്‍കിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നല്‍കേണ്ടതില്ല. വാങ്ങാന്‍ കഴിയുന്ന ഇലക്ടോറല്‍ ബോണ്ടുകള്‍ക്ക് പരിധിയും നിശ്ചയിച്ചിട്ടില്ല. 2016, 2017 വര്‍ഷങ്ങളിലെ ധനനിയമങ്ങള്‍ വഴിയാണ് ഇലക്ടോറല്‍ ബോണ്ട് പദ്ധതി പ്രാബല്യത്തിലായത്.
ഇതിന് മുമ്പ് ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഏതു സംഭാവനയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ആകെ ലാഭത്തിന്റെ 7.5 ശതമാനത്തില്‍ കൂടുതലും വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതലും സംഭാവന നല്‍കാന്‍ കഴിയുമായിരുന്നില്ല. പുതിയ നിയമത്തോടെ ഇവ രണ്ടും ഇല്ലാതായി.
പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഇലക്ടോറല്‍ ബോണ്ട് ഔദ്യോഗികമായ അഴിമതിയാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെയാണുള്ളത്. ബോണ്ടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, സഞ്ജയ് ഹെഗ്ഡെ, വിജയ് ഹന്‍സാരിയ, കപില്‍ സിബല്‍, നിസാം പാഷ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്.