X

കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഒരുങ്ങിയ മോദിക്കും ബി.ജെ.പിക്കും തമിഴ്‌നാട്ടില്‍ നിന്നേറ്റത് തിരിച്ചടി

അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ രാഷ്ട്രീയത്തിലും ഒരു കൈനോക്കാമെന്ന മോദി-അമിത് ഷായുടെ മോഹങ്ങള്‍ക്കിത് വലിയ തിരിച്ചടിതന്നെയാണ്‌. ഉത്തരേന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര വോരോട്ടമുണ്ടാക്കാന്‍ ഇതുവരെ ബി.ജെ.പിക്കായിട്ടില്ല

തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സംപൂജ്യരായി. കര്‍ണാടക കൈയില്‍ നിന്നുപോയതോടെ ആന്ധ്രപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനം. എന്നാല്‍ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവിശ്യപ്പെട്ട് ടി.ഡി.പി ഇടഞ്ഞതോടെ ഇതും നഷ്ടമായി. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ വലിയ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. നടന്‍മാരായ രജനികാന്തും കമല്‍ഹാസ്സനും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപികരിച്ചു. രജനികാന്ത് ആദ്യം ബി.ജെ.പിയുമായി കൈക്കോര്‍ക്കുമെന്നു കരുതിയെങ്കിലും പിന്നീട് അതുണ്ടായില്ല. ജയലളിതയുടെ പ്രിയ ശിഷ്യനായിരുന്ന ദിനകരനും അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചു. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അണ്ണാ ഡി.എം.കെ തങ്ങളുടെ പാളയത്തിലെത്തിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ പളനിസ്വാമി നയം വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് പുതിയ തന്ത്രങ്ങള്‍ പരിക്ഷിക്കേണ്ടിവരും അമിത് ഷാക്ക്.

പെരിയാറിന്റെ പ്രതിമ തകര്‍ക്കാനുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ആഹ്വാനമാണ് അണ്ണാ ഡി.എം.കെയെ സഖ്യസാധ്യതയില്‍ നിന്നും പ്രധാനമായും അകറ്റിയത്. നോട്ടുനിരോധനം, ജി.എസ്സ്.ടി, പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്താകമാനം മോദി-ബി.ജെ.പി വിരുദ്ധ തരംഗവും ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ശക്തമായ ജനവികാരം കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പരാജയത്തില്‍ കലാശിക്കുമെന്ന തിരിച്ചറിവാണ് പളനിസ്വാമിയെ ഇങ്ങനെ പറയിപ്പിച്ചത്.

chandrika: