ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആഡംബര ആസ്ഥാന മന്ദിരം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ലുട്യേന്‍ ബംഗ്ലാ സോണിന് പുറത്തായിട്ടാണ് കെട്ടിടം പണിതത്.
ബി.ജെ.പി ദേശീയതയില്‍ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും അധിഷ്ഠിതമായ പാര്‍ട്ടിയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി അവകാശപ്പെട്ടു. ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ഒരോ പാര്‍ട്ടിക്കും അവരുടെതായ കാഴ്ചപ്പാടുകളും തത്വങ്ങളും പ്രവര്‍ത്തന രീതിയുമായിരിക്കും. ഒരു രാജ്യത്ത് പല പാര്‍ട്ടികളുണ്ടാവുന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിതയെന്നും മോദി പറഞ്ഞു.
1.70 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബി.ജെ.പി.യുടെ പുതിയ ആസ്ഥാനത്തെ ലോകത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസറെക്കാള്‍ വലുതാണെന്ന് പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ബി.ജെ.പിക്ക് സ്വന്തം ഓഫീസ് ഉണ്ടായിരിക്കുമെന്നും ഷാ പറഞ്ഞു. രാജ്യത്തെ 694 ജില്ലകളില്‍ 635 എണ്ണത്തിലും ഓഫീസ് നിര്‍മ്മിക്കാന്‍ 2015 ലെ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ തീരുമാനിച്ചതായും ബി.ജെ.പി അധ്യക്ഷന്‍ കൂട്ടുച്ചേര്‍ത്തു.
ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ചുനില മന്ദിരത്തില്‍ ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫിസ് മുറികള്‍, കണ്‍വന്‍ഷന്‍ ഹാള്‍, ലൈബ്രറി, വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, മീഡിയ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ട്. സൗരോര്‍ജ വൈദ്യുതി, ഭൂഗര്‍ഭ പാര്‍ക്കിങ് സജ്ജീകരണങ്ങളുമുണ്ട്.
മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു നരേന്ദ്ര മോദിയാണു നിര്‍വഹിച്ചത്. അശോക റോഡിലെ 11-ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു ഇതുവരെ ബി. ജെ.പിയുടെ കേന്ദ്ര ആസ്ഥാനം.