ശബരിമല പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്‍ വിജയമായിരുന്നു എന്ന് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നട തുറക്കുന്നതോടെ വീണ്ടും ഉപവാസം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയതു.
ശബരിമല പ്രശ്‌നത്തില്‍ അഞ്ചാം ഘട്ടമായി ആരംഭിച്ച സമരമായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം. സംസ്ഥാന ഭാരവാഹികളെ സമരത്തിരുത്തി കരുത്തു പ്രകടിപ്പിക്കാനായിരുന്നു തീരുമാനം എന്നാല്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മുന്‍നിര നേതാക്കന്‍മാര്‍ പിന്‍വാങ്ങിയതോടെ സമരം തണുത്തു. സമരത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും മുഖം തിരിച്ചതോടെ സമരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ എസ് എസ് നിലപാടും സമരം നിര്‍ത്തണമെന്നായിരുന്നു. ഇതോടെ ഏഴാമനായി നിരാഹാരം അനുഷ്ഠിച്ച ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിന് നാരങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചു. ശബരിമല യുവതീ പ്രവേശന വിഷയം രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ടായിരുന്നു ബി.ജെ.പി സമരം. സമരം നിര്‍ത്തേണ്ടി വന്ന സാഹചര്യത്തെ ചൊല്ലി ബി.ജെ.പിയും പുതിയ വിവാദങ്ങളുണ്ടാവാനാണ് സാധ്യത.
സെക്രട്ടേറിയറ്റിന് പടിക്കലെ അനിശ്ചിത കാല നിരാഹാര സമരം വന്‍ വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും സമരത്തിന്റെ തുടര്‍ച്ച എങ്ങനെ വേണമെന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ നേതാക്കള്‍ക്കായിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതടക്കം സമരവേദിയില്‍ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹര്‍ത്താലുകളും അതെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാര്‍ട്ടിക്കകത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നിരാഹാര സമരം ഏറ്റെടുക്കാന്‍ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. സമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവര്‍ത്തകരില്‍ ഉണ്ടായത്.