ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം രാജ്യം ഭരിച്ചിട്ടും കാര്യമായ ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്‍പ് പത്ര്’ എന്ന് പേരിട്ട് പുറത്തിറക്കിയ പത്രികയില്‍ മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഒന്നും തന്നെ കാര്യമായി പറയുന്നില്ല. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ഏകസിവില്‍കോഡ്, ദേശീയത, പൗരത്വബില്‍ തുടങ്ങി ആര്‍.എസ്.എസ് ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയ ആശയങ്ങള്‍ ഇറക്കി വോട്ട് പിടിക്കാന്‍ തന്നെയാണ് ഇത്തവണയും ബി.ജെ.പി നീക്കമെന്നാണ് പ്രകടന പത്രിക തെളിയിക്കുന്നത്.
സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 75 പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സുവര്‍ണകാലമായിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. അതേസമയം മോദിയുടെ ഭരണനേട്ടമായി അണികള്‍ കൊട്ടിഘോഷിക്കാറുള്ള നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കാര്യമായ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.