X

ബി.ജെ.പിക്ക് മിയ മുസ്‌ലിംകളുടെ വോട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ട; എന്നാല്‍ തനിക്കും മോദിക്കും വേണ്ടി സിന്ദാബാദ് വിളിച്ചോളൂ; അസം മുഖ്യമന്ത്രി

അടുത്ത പത്ത് വര്‍ഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. എന്നാല്‍, അവര്‍ക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്‌ലിംകള്‍ ഞങ്ങളെ പിന്തുണച്ചോട്ടെ. അതില്‍ വിരോധമില്ല. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മയ്ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി സിന്ദാബാദ് വിളിക്കട്ടെ’ ബിജെപി നേതാവ് കൂടിയായ ശര്‍മ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ. ഇവ പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷമെടുക്കും. 10 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വോട്ട് തേടും, ഇപ്പോഴല്ല’ മുഖ്യമന്ത്രി പറഞ്ഞു.

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘മിയ’. ബംഗ്ലാദേശ് വംശജരായ മുസ്‌ലിം കുടിയേറ്റക്കാരാണ് ഇവര്‍. നേരത്തെ, മിയ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു.

പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേര്‍ത്തുകെട്ടിയായിരുന്നു അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

അസം യുവാക്കള്‍ കടന്നുവന്നാല്‍ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താന്‍ നഗരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. മിയ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അസമിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അജിത് ഭൂയാന്‍ പരാതി നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകള്‍. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന മിയാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘മിയ’ വരുന്നതെന്ന അഭിപ്രായമുണ്ട്. പില്‍ക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

webdesk13: