X
    Categories: CultureViews

ഐസിസ് പതാകയും ആഹ്വാനവും; ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പിടിയില്‍

ഗുവാഹതി: അസമിലെ നല്‍ബാരിയില്‍ ‘ഐസിസില്‍ ചേരുക’ എന്ന പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് പിടികൂടി. ബി.ജെ.പി നല്‍ബരി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്‍മന്‍ അടക്കമുള്ളവരെയാണ് ജില്ലാ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. സുരുജ്യോതി ഭൈഷ്യ, ദീപ്‌ജ്യോതി ഠാക്കുരിയ, പുലാക് ബര്‍മന്‍, മുന്‍ അലി, മുജമ്മില്‍ അലി എന്നിവരാണ് പിടിയിലായ മറ്റാളുകളെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈം 8 റിപ്പോര്‍ട്ട് ചെയ്യുന്നു.

നല്‍ബരിയിലെ കോയ്ഹട്ടിയിലെ കൃഷി സ്ഥലത്ത് രണ്ട് മരങ്ങളില്‍ ഐസിസിന്റേതിനു സമാനമായ കറുപ്പും വെളുപ്പും നിറമുള്ള പതാകകളും ‘ഐസിസില്‍ ചേരുക’ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയവരെ പിടികൂടിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും വേണ്ടിയാണ് ഐസിസ് പതാക ഉപയോഗിച്ചത് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ ഗോള്‍പാറ ജില്ലയിലെ ഒരു പുഴക്കരയില്‍ ‘ഐസിസ് നോര്‍ത്ത് ഈസ്റ്റി’ന്റേതെന്ന പേരിലുള്ള പതാകകളും കാണപ്പെട്ടിരുന്നു.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ ഗോള്‍പാറയില്‍ ഐസിസ് പതാക ‘പ്രത്യക്ഷപ്പെട്ട’ സംഭവത്തില്‍ ബി.ജെ.പി വന്‍തോതില്‍ വര്‍ഗീയ പ്രചരണം നടത്തിയിരുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയാ പ്രചരണ വിഭാഗത്തിലെ പ്രശാന്ത് പി. ഉംറാവ് ‘മുസ്ലിംകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുണ്ടാകും’ എന്നാണ് ഇതേപ്പറ്റി ട്വിറ്ററില്‍ പ്രചരണം നടത്തിയിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: