X

ഭിന്നത മൂര്‍ഛിക്കുന്നു: ശിവസേനയുടെ മുഖപത്രം സാമ്‌ന നിരോധിക്കണമെന്ന് ബി.ജെ.പി

പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിലാണ് ബിജെപി സാമ്‌ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്‌ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ നടപടിയെ അടിയന്തരാവസ്ഥ എന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്.

പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 25 ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേന മുഖപത്രം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ബിജെപി ആവശ്യപെടുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ബി.ജെ.പി ആരോപിക്കുന്നു. ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സാമ്‌നക്കെതിരെ പൊറുതിമുട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി.
അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ബിജെപിയുടെ നടപടിയെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പെടുത്തിയതിനെ നമ്മള്‍ വിമര്‍ശിക്കുന്നു. ഇപ്പോള്‍ അത് നിലവിലുണ്ടോയെന്ന് പൂനെയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് ചോദിച്ചു. സാമ്‌ന അടച്ചുപൂട്ടുമെന്നത് ഒരിക്കലും നടക്കില്ലന്നും അദ്ധേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നത് ശരിയാണോയെന്ന് ബിജെപി പരിശോധിക്കണമെന്നും ഉദ്ധവ് ആവശ്യപെട്ടു. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ബിജെപിയും ശിവസേനയും അകന്നത്. പ്രധാനമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച് സാമ്‌ന ബിജെപിയെ വെല്ലുവിളിച്ചിരുന്നു. നോട്ട് നിരോധനത്തെിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ മഴക്കോട്ട് പരാമര്‍ശത്തിലും സാമ്‌ന നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയിരുന്നു. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ നില്‍ക്കാതെ ഭരണത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു മോദിയോട് സാമ്‌നയിലൂടെ ശിവസേന ആവശ്യപെട്ടത്. കാല്‍നൂറ്റാണ്ട് നീണ്ട സഖ്യം ഉപേക്ഷിച്ച് ബിജെപിയും ശിവസേനയും ഇത്തവണ ഒറ്റക്കാണ് കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്.

chandrika: