X

ബി.ജെ.പി പ്രതിരോധ രാഷ്ട്രീയം ശക്തിപ്പെടണം

റസാഖ് ആദൃശ്ശേരി

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നും തുടര്‍ന്ന് തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നുമാണ് സംഘ്പരിവാര്‍ കണക്കുകൂട്ടല്‍. ഇക്കഴിഞ്ഞ വിജയദശമിദിന പ്രസംഗത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നു ആവര്‍ത്തിക്കുകയും ചെയ്തു. 84 ല്‍ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ള പങ്ക് തല്‍ക്കാലം മാറ്റിവെക്കാം. ഇന്നു ബി.ജെ. പി അധികാരത്തിന്റെ സര്‍വമേഖലകളും പിടിച്ചടക്കി. ജനാധിപത്യത്തെ കൊലചെയ്ത്, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെപോലും പണവും അധികാരവും ഉപയോഗിച്ചു അട്ടിമറിക്കുന്നു. ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ അവരെ ഒന്നുമല്ലാതാക്കിതീര്‍ക്കുന്നു. സുപ്രധാന പാര്‍ലമെന്ററി സമിതികള്‍ പുന:സംഘടിപ്പിച്ചപ്പോള്‍ ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന രണ്ടു അധ്യക്ഷ പദവികളും എടുത്തുകളഞ്ഞതും മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനു ഒരു ചെയര്‍മാന്‍പദവി പോലും നല്‍കാത്തതും സമീപകാല ഉദാഹരണമാണ്. നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ രാജ്യം ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നത് വെറും ആരോപണമല്ല. യാഥാര്‍ഥ്യമാണ്. ഇതിനു പിന്നില്‍ ചരടുവലിക്കുന്നതോ ആര്‍.എസ്. എസും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ‘മതവിദ്വേഷം’ തന്നെയായിരിക്കും ബി.ജെ.പി ഉയര്‍ത്തുക. ഇത് ആര്‍.എസ്.എസ് മേധാവിയുടെ വിജയദശമി പ്രസംഗത്തില്‍നിന്നും വ്യക്തമാണ്. ഇന്ത്യയില്‍ മതാടിസ്ഥാന അസമത്വവും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വ രൂപം നഷ്ടപെട്ടുപോകുന്നുവെന്നാണ് ആര്‍.എസ്.എസ് തലവന്‍ പറഞ്ഞത്. കൊസൊവോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളുടെത് പോലെയുള്ള ഉദാഹരണങ്ങളാണ് മതാടിസ്ഥാനത്തിലുള്ള അസമത്വത്തിനു കാരണമായി അദ്ദേഹം ചൂണ്ടികാട്ടിയത്. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്നാണ് അദ്ദേഹം ഉദ്‌ഘോഷിച്ചത്.

‘ജനസംഖ്യാവര്‍ധനവ്’ എത്രയോ കാലമായി സംഘ്പരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ഒന്നാണിത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെല്ലാം ചേര്‍ന്നാലും അവരുടെ ജനസംഖ്യ 15 ശതമാനത്തില്‍ താഴെ മാത്രമേ വരുകയുള്ളു. അവരുടെ വളര്‍ച്ച എത്ര അസമത്വത്തില്‍ ഊന്നിയതായാലും 85 ശതമാനത്തെ വെല്ലുവിളിക്കാന്‍ പോരുന്നതല്ല. ഇത് എല്ലാ ജനസംഖ്യാവിദഗ്ധരും സമ്മതിക്കുന്നകാര്യമാണ്. എന്നിട്ടും ആര്‍.എസ്. എസ് തലവന്‍ ഈ ആരോപണവുമായി വരുന്നതിന്റെ ഉദ്ദേശം വര്‍ഗീയത വളര്‍ത്തി അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്നത് തന്നെയാണ്. ഈയിടെ മോഹന്‍ ഭാഗവത് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ എന്നവകാശപ്പെട്ടു ഉത്തരേന്ത്യയിലെ ചില പള്ളികളും മദ്രസ്സകളും സന്ദര്‍ശിക്കുകയും അഞ്ച് മുസ്‌ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം അവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആര്‍.എസ്.എസ് തലവനെ പുകഴ്ത്തുകയും മഹത്വവത്കരിക്കുകയും ചെയ്തു. അദ്ദേഹവുമായി ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ ഖുറേഷി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആര്‍.എസ്.എസ് മേധാവിയുടെ ലാളിത്യത്തെയും ക്ഷമയെയും കുറിച്ചു വാചാലനാവുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ പരിപാവനതയെകുറിച്ചു മോഹന്‍ ഭാഗവത് സംസാരിക്കുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അഞ്ച്‌പേരും രോമാഞ്ചപുളകിതരായത്രെ! നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാമൂല്യങ്ങള്‍ ഓരോന്നോരാന്നായി തകര്‍ത്തു കൊണ്ടിരിക്കുന്നതും ഭരണഘടനക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ക്രൂര നിയമങ്ങള്‍ ചുട്ടെടുക്കുന്നതും അവരുടെ ചിന്തയില്‍ കടന്നുവന്നതേയില്ല. ആര്‍.എസ്.എസ് മേധാവി കൂടിക്കാഴ്ച നടത്തിയ ‘ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍’ എന്ന സംഘടനയുടെ തലവന്‍ ഉമര്‍അഹമ്മദ്, മോഹന്‍ ഭാഗവതിനെ ‘രാഷ്ട്രപിതാവ്’ എന്നാണ് വിശേഷിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ മുറിവുണക്കാന്‍ മുസ്‌ലിം പ്രമുഖരുമായി ചര്‍ച്ച നടത്തിയതിന്റെ ചൂടാറുംമുമ്പ്തന്നെ ആര്‍.എസ്.എസ് തലവന്‍ വര്‍ഗീയത പറയുന്നുവെന്നത് എത്രമാത്രം വിരോധാഭാസമാണ്.

ഹിന്ദുത്വവാദികള്‍ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം പ്രതിരോധം ആവശ്യപ്പെടുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാല്‍ രാജ്യത്തിന്റെ പൈതൃകം തകര്‍ക്കപ്പെടും. അവരുടെ വിജയം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തെല്ലാമാണ് എന്നതാണ് ചര്‍ച്ചാവിഷയം. 2024നു മുമ്പ് ബി.ജെ.പി വിരുദ്ധ വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ്‌കുമാറും മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായി ഈയിടെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷയുളവാക്കുന്നു. വിവിധ കക്ഷികള്‍ക്കിടയില്‍ ആശയപരവും രാഷ്ട്രീയപരവുമായ ഭിന്നതകള്‍ ഉണ്ടെങ്കിലും ബി. ജെ.പി വിരുദ്ധതക്ക് പ്രഥമ പരിഗണന നല്‍കി എല്ലാവരെയും ഒന്നിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഇരുവരും സോണിയയുടെ മുന്നില്‍വെച്ചത്. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട നിതീഷും ലാലുവും കോണ്‍ഗ്രസില്ലാതെ ബി.ജെ.പി വിരുദ്ധ ചേരി അസാധ്യമാണെന്നു പറഞ്ഞു. ബീഹാറില്‍ ബി.ജെ.പിയുടെ എല്ലാ കളികളും പൊളിച്ചടക്കിയ രണ്ടു നേതാക്കള്‍ തന്നെ ഇതിനായി മുന്നിട്ടിറങ്ങുന്നുവെന്നത് പ്രശംസനീയമാണ്.

ജാതി മത ഭേദമന്യേ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള നല്ല കാല്‍വെപ്പാണ്. യാത്രയിലെ വന്‍ ജനപങ്കാളിത്തം ബി.ജെ.പി ആശയങ്ങളോടു ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് വിളിച്ചോതുന്നതാണ്. വര്‍ഗീയതയെ എന്തു വില കൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്നാണ് രാഹുല്‍ഗാന്ധി പ്രസംഗത്തിലുടനീളം പറയുന്നത്. ഖേദകരമെന്ന് പറയട്ടെ, കേരളത്തിലെ സി.പി.എം കോണ്‍ഗ്രസിന്റെ നാശം കാണുന്ന പാര്‍ട്ടിയായി അധ:പതിച്ചിരിക്കുന്നു. കേരളത്തില്‍ ഭാരത് ജോഡോയാത്രയെ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ എതിര്‍ത്തത് സി.പി.എം ആയിരു ന്നു. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കുറച്ചു കാലങ്ങളായി സി.പി.എം ഇല്ലതന്നെ. മാത്രമല്ല, വര്‍ഗീയത പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും അവര്‍ പലപ്പോഴും സംഘ്പരിവാറിനെ കടത്തിവെട്ടുകയും ചെയ്യുന്നു. സി.പി.എം തകര്‍ന്നാല്‍ ആര്‍.എസ്.എസ്, ബി.ജെ.പി ശക്തികള്‍ വളരുമെന്ന മിഥ്യാഭീതി വെച്ചുപുലര്‍ത്തുന്ന ആളുകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ഇ ല്ലാതായപ്പോള്‍ വളര്‍ന്നത് ബി.ജെ.പിയായിരുന്നില്ല. അവിടെ ബി.ജെ.പിയോടൊപ്പം സി.പി.എമ്മിന്റെ അടിവേരുകള്‍ പറിച്ചെറിയപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയില്‍ ചെറിയ ന്യൂനപക്ഷ കക്ഷിയാണ് സി.പി.എം. ദേശീയ രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ അതിനാവില്ല. തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഉള്‍കൊള്ളുന്ന മതേതര ശക്തികളുടെ കൂട്ടായ്മക്കാണ് സാധിക്കുകയെന്ന തിരിച്ചറിവാണ് സി.പി.എമ്മിനു ആദ്യം ഉണ്ടാവേണ്ടത്.

എട്ടു വര്‍ഷത്തിലധികമായി ബി.ജെ.പി രാജ്യത്ത് അധികാരത്തിലാണ്. എന്തു നേട്ടമാണ് ഈ ഭരണം കൊണ്ടുണ്ടായത്? ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസ രൂപം പൂണ്ട് നില്‍ക്കുകയാണെന്നും വിളിച്ചുപറഞ്ഞത് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്. 23 കോടിയിലധികം ജനങ്ങള്‍ക്ക് ദിവസം 375 രൂപക്ക് താഴെ മാത്രമാണ് വരുമാനം. നാല് കോടിയിലധികമാണ് തൊഴില്‍രഹിതര്‍. ലേബര്‍ ഫോഴ്‌സ് സര്‍വെ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്. ജനസംഖ്യയുടെ ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 20 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നു. ഭൂരിഭാഗം മേഖലകളിലും ജനങ്ങള്‍ക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ല. ആര്‍.എസ്.എസ് നേതാവ് ഹൊസബലെയുടെ വാക്കുകളാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ അധികാര പങ്കാളിത്തം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ സാക്ഷി പത്രമാണ് അവര്‍തന്നെ വിളിച്ചു പറയുന്നത്. ഇവരുടെ കൈകളില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ എന്താണ് പരിഹാരം? രാജ്യത്തെപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു ബി.ജെ.പിക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുക തന്നെ.

Test User: