ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങളും പുറത്തുവന്നു. ഉത്തര്‍ പ്രദേശ് ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും ഉള്‍പ്പെടുന്നത്.
റിപ്പോര്‍ട്ട് പ്രകാരം മത്സരിക്കുന്ന 42പേര്‍ കൊലപാതകശ്രമത്തിനു കേസുള്ളവരാണ്. കൂടാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും മറ്റു കേസുകളിലും പ്രതികളായവര്‍ ഏഴുപേരുണ്ട്. ബി.ജെ.പിയാണ് ക്രിമിനല്‍ കേസില്‍ മുന്നില്‍. 73 സ്ഥാനാര്‍ത്ഥികളില്‍ 29പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
മായാവതിയുടെ ബി.എസ്.പിയുടെ 73 സ്ഥാനാര്‍ത്ഥികളില്‍ 28 പേരും ക്രിമിനല്‍ കേസുകളിലുള്ളവരാണ്. ആര്‍.എല്‍.ഡിയില്‍ 57 ഇല്‍ 19, സമാജ് വാദിയില്‍ 51 ഇല്‍ 15, കോണ്‍ഗ്രസ്സില്‍ 24 ഇല്‍ 6, 293 സ്വതന്ത്രന്മാരില്‍ 38 ക്രിമിനലുകള്‍ എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.