കെ.പി ജലീല്‍
മെട്രോമാന്‍ ഇ.ശ്രീധരനെ ഇടനിലക്കാരനാക്കി സി.പി.എം ബി.ജെ.പി ബന്ധം മുറുകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായതോടെ പുതിയ റെയില്‍പദ്ധതി ആരംഭിക്കുന്നുവെന്ന പേരിലാണ് സി.പി എം സംസ്ഥാന നേതൃത്വം ബി.ജെ.പിയെ സമീപിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനിന് തത്വത്തില്‍ അനുമതി നല്‍കിയതല്ലാതെ പൂര്‍ണാനുമതി നല്‍കാതിരിക്കുകയായിരുന്നു കേന്ദം ഇതുവരെ. പിണറായി വിജയനും സി.പി.എം നേതാക്കളും എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് ആണയിടുകയും ചെയ്തിരുന്നു. കോടതിയും ഉടക്കിട്ടതോടെ സര്‍വേ നിര്‍ത്തുകയും മഞ്ഞക്കുറ്റി ഇടുന്നത് സ്തംഭിക്കുകയും ചെയ്തു.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിച്ച് പദ്ധതി നടത്തിക്കാനും ബി.ജെ.പി വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിക്കാനുമുളള കരുക്കളാണ് നീക്കിത്തുടങ്ങിയിരിക്കുന്നത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ചു്ക്കാന്‍ പിടിച്ചിരിക്കുന്നത്. ഷായുടെയും പിണറായിയുടെയും നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധി കെ.വി തോമസ് ഇതിനായി ഇ.ശ്രീധരനെ കാണുകയായിരുന്നു.
എന്നാല്‍ സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്നും ഇത്രയും ഭൂമി എടുക്കാതെ ചെലവ് കുറച്ച് അതിവേഗ പാത നിര്‍മിക്കാമെന്നുമാണ് മെട്രോമാന്‍ നിര്‍ദേശിച്ചത്. ഇതുവഴി പിണറായിയുടെ പിടിവാശി നടപ്പാക്കുകയും ബി.ജെ.പി ബാന്ധവം ഉറപ്പിക്കുകയുമാണ് ലക്ഷ്യം.
തോമസിനോട് സാങ്കേതിക കാര്യങ്ങളാണ ്തോമസ് ചര്‍ച്ചചെയ്തതെങ്കിലും ഇതിനിടയില്‍ ബി.ജെ.പിയുടെ സംസ്ഥാനനേതാക്കളും ഇടപെട്ടതായാണ് വിവരം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ.ശ്രീധരന്‍. വീണ്ടും ഇദ്ദേഹത്തെ പാലക്കാട്ട് നിര്‍ത്താനും ഇടതുവോട്ടുകള്‍ മറിച്ച് യു.ഡി.എഫ് വിജയം ആവര്‍ത്തിക്കാതിരിക്കാനുമാണ് നീക്കം. ഇതിനകം പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം.