കുറുക്കോളി മൊയ്തീന്‍
സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. ‘പറയുന്നതൊന്നും ചെയ്യാത്ത, ചെയ്യുന്നതൊന്നും പറയാത്ത പാര്‍ട്ടിയാണ് സി.പി.എം’. അന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന് നല്‍കിയ മറുപടിയിലാണ് സി.എച്ച് അങ്ങിനെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ പരിഭ്രാന്തിയിലാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പരാജയ ഭീതി പൂണ്ട പാര്‍ട്ടി മുന്‍കൂര്‍ ജാമ്യം എടുക്കുകയും അവര്‍ നടത്തുന്ന കള്ളക്കളികള്‍ പുറത്ത് ചാടാതിരിക്കാന്‍ മറയിടാനുള്ള കുതന്ത്രം പ്രയോഗിക്കുകയുമാണ് യു.ഡി.എഫിനു നേരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നതിലെ താല്‍പര്യം.
സംസ്ഥാനത്തെ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ പോലും വിശ്വസിക്കാത്ത പ്രസ്താവനയാണ് കോടിയേരി ബാലകൃഷ്ണനും പിറകെ പിണറായി വിജയനും നടത്തിയിട്ടുള്ളത്. അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയിലെത്തിയെന്നാണ് പുതുതായി അവര്‍ എഴുന്നള്ളിച്ചിരിക്കുന്നത്. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് മുന്നണിക്ക് ഒരാളെ കൂടുതല്‍ ലഭിച്ചാല്‍ അതു എന്‍.ഡി.എക്ക് ക്ഷീണം കൂട്ടുകയാണ്. ഒളാളെയെങ്കിലും കുറക്കാന്‍ ആവനാഴിയിലെ സര്‍വ്വ തന്ത്രങ്ങളും പയറ്റുന്ന രംഗമാണ് ഈ തെരഞ്ഞെടുപ്പ്. എന്നാല്‍ യു.പി.എക്കും കേരളത്തില്‍ യു.ഡി.എഫിനും ഒരാളെയെങ്കിലും കുറക്കാനായാല്‍ അതവര്‍ക്കും വലിയ ആശ്വാസമാണ്. അതിനുള്ള കുതന്ത്രങ്ങളെല്ലാം ബി.ജെ.പി പ്രയോഗിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രമാണ് തെളിയുന്നത്. ഒരാളെയെങ്കിലും ജയിപ്പിക്കാനായാല്‍ അതു വലിയ ആശ്വാസവുമാവും സി.പി.എമ്മിന്. അതു കൊണ്ടു തന്നെ കോടിയേരിയുടെ പ്രസ്താവന കാണുമ്പോള്‍ ജനം ശങ്കിക്കേണ്ടത് പഴയത് പോലെ ബി.ജെ.പിയുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കള്ളക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ്. അണികള്‍ തമ്മില്‍ തെരുവില്‍ കൊന്നു കളിക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകച്ചവടം നടത്തി വന്ന പാരമ്പര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടല്ലോ. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷനും പഴയ ജനസംഘം നേതാവുമായിരുന്ന കെ.ജി മാരാന്‍ തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. 1987-ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് തനി വര്‍ഗീയമായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1982-87 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മദ്രസ-പള്ളി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വഖഫ് ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് മുഖേന ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കുന്ന മാതൃകയില്‍. എന്നാല്‍ ഇ.എം.എസ് മുല്ല-മുക്രി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു വ്യാപകമായി പറഞ്ഞു നടന്നത്. ആ വാദം ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിനും ആക്കം കൂട്ടി. മാരാരുടെ പുസ്തകത്തില്‍ 1987ലെ വോട്ടുകച്ചവടത്തിന്റെ കഥ പറയുന്നുണ്ട്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബി.ജെ.പിയുമായി വോട്ടു കച്ചവടത്തിന് ഒരു ലജ്ജയും ഉണ്ടാവാന്‍ ഇടയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിക്കു രാഷ്ട്രീയ മാന്യത പകര്‍ന്ന ആദ്യത്തെ രാഷ്ട്രീയ സംഘടന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്. ബി.ജെ.പിയുടെ ജനനം മുതല്‍ ഐക്യത്തിലും രഞ്ജിപ്പിലുമാണല്ലോ അവര്‍ കഴിഞ്ഞു വന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന് എതിരായും തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ സര്‍ക്കാരിനെതിരേയും പ്രക്ഷോഭങ്ങള്‍ക്ക് ഒരുമിച്ചാണ് അവര്‍ വേദികളൊരുക്കിയിരുന്നത്. ശാബാനു കേസുമായി ബന്ധപ്പെട്ട ശരീഅത്ത് വിവാദമുയര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങളും ഏക സിവില്‍ കോഡ് വാദവും ഇരു സംഘടനകളും ഒരുമിച്ചാണ് രാജ്യത്ത് സംഘടിപ്പിച്ചത്. ബാബ്രി മസ്ജിദ് വിവാദമുണ്ടായപ്പോള്‍ ബി.ജെ.പിയുടെ വാദത്തിന് ശക്തി പകരുന്നതിന് തര്‍ക്ക കെട്ടിടം പൊളിച്ച് നീക്കി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഒരു തട്ട് കൂടിയുണ്ടാക്കി ക്ഷേത്രവും പള്ളിയുമായി ഉപയോഗിക്കണമെന്ന് പറഞ്ഞത് ഇ.എം.എസ് ആയിരുന്നു. പള്ളി ഫാസിസ്റ്റുകള്‍ പൊളിച്ച് കളയുന്നതുവരെ തര്‍ക്ക കെട്ടിടം എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞത്. അതൊക്കെ ബി.ജെ.പിയെ സാഹായിക്കുന്നതിന് തന്നെയായിരുന്നു. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍ ലോക്സഭയിലേക്കും കെ.ജി മാരാര്‍ നിയമസഭയിലേക്കും മത്സരിച്ചപ്പോള്‍ വോട്ടു ചോദിക്കാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സി.പി.എം ആണ് മുന്നിലുണ്ടായിരുന്നത്. എന്തേ അവര്‍ ആര്‍.എസ്.എസ് പ്രമുഖരാണെന്ന കാര്യം വിട്ടുകളഞ്ഞത്? രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലോക്സഭ പാസാക്കിയ പഞ്ചായത്ത് രാജ് ബില്ല് രാജ്യസഭയില്‍ രണ്ടു വോട്ടിന് പരാജയപ്പെടുത്തിയതും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടായിരുന്നു. ആ ബി.ജെ.പിയുടെ പിന്തുണയോടെയല്ലെ വി.പി സിങ്ങിനെ പ്രധാന മന്ത്രിയാക്കിയത്. ലാല്‍ കൃഷ്ണ അധ്വാനിയെ പ്രതിപക്ഷ നേതാവാക്കാന്‍ ഒരു കൈ സഹായിച്ചതും സി.പി.എം മറന്നുവോ? ഇടതു മുന്നണിയും ദേശീയ മുന്നണിയും ഒരു മുന്നണിയായി ഒരു നേതാവിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ മറ്റൊരാളെ ഇരുത്താമായിരുന്നില്ലെ? എന്തേ അതിന് ശ്രമിച്ചില്ല?.
സോണിയ ഗാന്ധി മുന്‍കൈയെടുത്ത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുകയുണ്ടായി. എല്ലാവരും സോണിയാഗാന്ധിയെ അഭിനന്ദിച്ചപ്പോള്‍ അടുത്ത ദിവസം പത്രങ്ങളില്‍ വന്ന ഒരു ചിത്രം ആരും മറന്നു കാണില്ല. ബി.ജെ.പി നേതാവ് സുഷമാ സ്വരാജിനെ സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് കെട്ടിപ്പിടിച്ച് ചുംബിക്കുന്നതായിരുന്നു ചിത്രം. ആ ബില്ല് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തവരെ അഭിനന്ദിക്കാതെ ആ ബി.ജെ.പി-സി.പി.എം ചുംബനത്തിന്റെ പൊരുളെന്ത്?
കഴിഞ്ഞ കാലം മുഴുവന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മെനക്കെട്ടത്. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് വരെ മുഖ്യ ശത്രു കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂടും എന്നായിരുന്നു ഇ.എം.എസിന്റെ പഴയ മുദ്രവാക്യം. ചെകുത്താന്‍ അങ്ങനെ വളര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തകര്‍ന്നു. ഇപ്പോഴും കോണ്‍ഗ്രസിന്റെ തളര്‍ച്ചയാണ് സി.പി.എം ആഘോഷിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും അധികാര മോഹികള്‍ പുറത്ത് പോയാല്‍ അവ അവരുടെ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നവ വലിയ വാര്‍ത്ത പോലുമല്ലാതാവുന്നു. എന്താണ് ഇതിന്റെ താല്‍പര്യം. രാജ്യത്തെ വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നും നൂറു പേര്‍ ഒഴിഞ്ഞു പോകുന്നതും ഒരു ചെറു പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പത്തുപേര്‍ ഒഴിഞ്ഞു പോകുന്നതും തമ്മില്‍ വിലയിരുത്തിയാല്‍ വലിയ നഷ്ടം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെതാണെന്നും സി.പി.എം മനസ്സിലാക്കുന്നത് നന്ന്. ഏറ്റവും പുതിയ വാര്‍ത്ത ബംഗാളിലെ ഹബിബുപൂര്‍ മണ്ഡലത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എം.എല്‍.എ ഖഗന്‍ മുര്‍മു രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരിക്കുന്നു എന്നതാണ്.
ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞിരുന്നത് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ക്കുക എന്നതായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റുക എന്നാണ് പറഞ്ഞത്. എന്തു ഗുണം ചെയ്തു. സി.പി.എമ്മിന് പോലും രക്ഷകിട്ടിയില്ല. തനി ഫാസിസ്റ്റ് ഭരണം മോദി അടിച്ചേല്‍പിച്ചിട്ടും ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ ജനാധിപത്യം തകര്‍ത്ത്, ഭരണഘടനയെ പുച്ഛിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച്, വര്‍ഗീയത വളര്‍ത്തി, ജനജീവിതം ദുസ്സഹമാക്കി, ജനങ്ങളെ അപഹസിച്ചു മുന്നോട്ട് പോയിട്ടുപോലും അവര്‍ക്കെതിരെ ഒരു ശക്തമായ മുദ്രവാക്യം പോലും ഉയര്‍ത്താനായിട്ടില്ല. ദുരഭിമാനം കൊണ്ടോ? അതോ കഴിവ് കേട് കൊണ്ടോ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ പോലും അമാന്തം കാണിച്ചു? പഴയ ബി.ജെ.പി ബാന്ധവം തുടരാന്‍ തന്നെയാണ് സി.പി.എം പരിപാടിയെന്ന് സംശയിക്കണം. കോടിയേരിയുടെ പ്രസ്താവനയില്‍ അതു വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.