തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരുടെ അറസ്റ്റില്‍ നിന്നും പൊലീസ് ഇന്നലെ പിന്‍മാറിയത്. അറസ്റ്റ് തടയുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചതോടെ പൊലീസ് പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇന്ന് ആസ്പത്രിയിലെത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. നിയമനുസരണം ജാമ്യാമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിനാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്താലും ആസ്പത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന സി.പി.എം വിമര്‍ശനം ശക്തമാവുകയാണ്.
മേയറെ ആക്രമിച്ച സംഭവത്തില്‍ പുറത്തുനിന്ന് വന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആനന്ദിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതിനിടെ, കൗണ്‍സിലര്‍ ലക്ഷ്മിയെ ആക്രമിച്ചതില്‍ മേയര്‍ വി.കെ പ്രശാന്തടക്കമുള്ളവര്‍ക്കെതിരെ ദളിത് പീഡന വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് മേയറെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.