ഷില്ലോങ്: മേഘാലയ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിനെച്ചൊല്ലി ബി.ജെ.പി കോണ്‍ഗ്രസ് വാക്‌പോര്. വിലയേറിയ ജാക്കറ്റാണ് രാഹുല്‍ ധരിച്ചതെന്നും ബ്രിട്ടീഷ് ആഢംബര ബ്രാന്‍ഡായ ബര്‍ബറിയുടെ 68,145 രൂപ വില വരുമെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
ജാക്കറ്റിന്റെ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ‘സെലിബ്രേഷന്‍ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ ധരിച്ച കറുത്ത നിറത്തിലുള്ള ജാക്കറ്റാണ് ബി.ജെ.പിയെ അസ്വസ്ഥമാക്കിയത്.
ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരിപാടിക്കെത്തിയ യുവതീ യുവാക്കളെ രാഹുല്‍ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനം വിവാദമാക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തിയത്.
നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളുടെയും രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തില്‍ ജാക്കറ്റ് വിവാദം ഉയര്‍ത്തികൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.
എന്നാല്‍ ആരോപണത്തെ കോണ്‍ഗ്രസ് പരിഹസിച്ച് തള്ളി. രാഹുല്‍ ധരിച്ചത് ബര്‍ബറിയുടെ ജാക്കറ്റ് അല്ലെന്നും 700 രൂപ കൊടുത്താല്‍ ആര്‍ക്കും വാങ്ങാനാകുമെന്നും കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു. മോദി ആവശ്യപ്പെട്ടാല്‍ ഇത്തരം ജാക്കറ്റ് വാങ്ങി നല്‍കാമെന്നും അവര്‍ തിരിച്ചടിച്ചു.
ഷില്ലോങ് സ്വദേശിയായ ഒരാള്‍ തനിക്ക് സമ്മാനിച്ചതാണ് ജാക്കറ്റെന്ന് രാഹുലും വ്യക്തമാക്കിയതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. 2015ല്‍ റിപബ്ലിക് ദിന പരേഡിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ സ്വീകരിക്കാന്‍ സ്വന്തം പേര് തുന്നിച്ചേര്‍ത്ത 11 ലക്ഷം രൂപയുടെ കോട്ടിട്ട് മോദിയെത്തിയത് വാര്‍ത്തയായിരുന്നു. സ്യൂട്ട് ബൂട്ട് കീ സര്‍ക്കാര്‍ എന്നാണ് അന്ന് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്.