പട്‌ന; ബിജെപിയെ വെട്ടിലാക്കി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്റെ വെളിപ്പെടുത്തല്‍. ബിഹാറില്‍ ജനതാദള്‍ (യു) സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കാനുള്ള ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) യുടെ പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ചിരാഗ് പസ്വാന്‍ പറഞ്ഞത്. എന്‍ഡിഎയില്‍ ജെഡിയുവിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണു എല്‍ജെപി മുന്നണി വിട്ട് ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍. ബിജെപി നേതാക്കള്‍ കൂട്ടത്തോടെ എല്‍ജെപിയില്‍ ചേര്‍ന്ന് ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളായതിനെ സംശയദൃഷ്ടിയോടെയാണു ജെഡിയു നേതൃത്വം കാണുന്നത്.
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും കണ്ടു നിലപാട് അറിയിച്ചിരുന്നതായി പസ്വാന്‍ വെളിപ്പെടുത്തി. ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ മൗനം പാലിച്ചുവെന്നും പസ്വാന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി തനിച്ചു മല്‍സരിക്കണമെന്ന തന്ത്രം അന്തരിച്ച പിതാവ് റാം വിലാസ് പസ്വാന്റേതായിരുന്നുവെന്നും ചിരാഗ് വെളിപ്പെടുത്തി. എല്‍ജെപി 2005ല്‍ തനിച്ചു മല്‍സരിച്ച ചരിത്രം ഓര്‍മിപ്പിച്ചാണ് റാം വിലാസ് പസ്വാന്‍ അതാവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചത്. ബിഹാറില്‍ ലാലു യാദവിന്റെ ഭരണത്തിന് അന്ത്യം കുറിച്ചതില്‍ എല്‍ജെപി തീരുമാനം അന്നു നിര്‍ണായകമായി. ഇത്തവണ എല്‍ജെപി തനിച്ചു മല്‍സരിക്കുന്നത് നിതീഷ് കുമാറിന്റെ ഭരണത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു ചിരാഗ് പസ്വാന്‍ തുറന്നടിച്ചു. അഞ്ചു വര്‍ഷത്തേക്കു കൂടി മുഖ്യമന്ത്രിയാകുകയാണെങ്കില്‍ പത്തു പതിനഞ്ചു വര്‍ഷത്തേക്കു ഖേദിക്കേണ്ടി വരുമെന്നും പിതാവ് മുന്നറിയിപ്പു നല്‍കിയതായി ചിരാഗ് പറഞ്ഞു.
റാം വിലാസ് പസ്വാനെ ഒതുക്കാനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ തോല്‍പിക്കാനും നിതീഷ് ശ്രമിച്ചതായും ചിരാഗ് കുറ്റപ്പെടുത്തി. എല്‍ജെപിയെ പിന്തുണയ്ക്കുന്ന ദലിത് വിഭാഗങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി മഹാദലിത് വിഭാഗത്തെ നിതീഷ് ജെഡിയുവിലേക്ക് അടര്‍ത്തിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.