ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സഹോദരനും ബി.ജെ.പി. നേതാവുമായ ഗോപാല്‍ ജോഷി അറസ്റ്റില്‍. ജെ.ഡി.എസ് മുന്‍ എം.എല്‍.എ ദേവാനന്ദ ചവാന്റെ പങ്കാളി സുനിത ചവാന്റെ പരാതിയിലാണ് നടപടി.
കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് രണ്ട് കോടിയിലേറെ രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.
വടക്കന്‍ കര്‍ണാടകയില്‍ തനിക്ക് ജെ.ഡി.എസിന്റെ ഭാഗമായി സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാതെ പോയപ്പോള്‍ തന്റെ നിരാശ തിരിച്ചറിഞ്ഞ് ഗോപാല്‍ ജോഷി തന്നെ വിളിച്ച് വിജയപുരയില്‍ സീറ്റ് ലഭിക്കുമെന്ന് അറിയിക്കുകയായിരുന്നു എന്ന് സുനിത പറയുന്നു. ഈ സമയത്ത് 25 ലക്ഷം രൂപ ഗോപാല്‍ ജോഷിക്ക് നല്‍കിയിരുന്നെന്നും പിന്നീട് അദ്ദേഹം മൂന്ന് കോടി ആവശ്യപ്പെട്ടെന്നും സുനിതയുടെ പരാതിയില്‍ പറയുന്നു.
നിലവില്‍ വിജയപുരയിലെ എം.പിക്ക് അസുഖമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതെന്നും സുനിത പറയുന്നു. എന്നാല്‍ സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടെന്നും പക്ഷെ അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നും സുനിത പറയുന്നു.
എന്നാല്‍ കേസില്‍ തന്റെ പങ്കാളി ദേവാനന്ദ് ചവാനോ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിക്കോ, അമിത് ഷാക്കോ പങ്കില്ലെന്നും അവരുടെ പേരുകള്‍ കേസിലേക്ക് വലിച്ചിഴക്കരുതെന്നും സുനിത പറയുന്നു. ഗോപാല്‍ ജോഷി പ്രഹ്ലാദ് ജോഷിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കോലാപൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ഗോപാല്‍ ജോഷിയെ ഹുബ്ബളിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. പിന്നീട് കേഷ്വാപൂര്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മറ്റൊരു പ്രതിയായ വിജയലക്ഷ്മി ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപാല്‍ ജോഷിയുടെ മകന്‍ അജയ് ജോഷിയും ഈ കേസിലെ പ്രതിയാണ്. എന്നാല്‍ ഇയാളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
അതേ സമയം താനും സഹോദരനും തമ്മില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേര്‍പിരിഞ്ഞതാണെന്നും സഹോദരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.