‘ഞങ്ങള്‍ക്ക് അധികാരത്തില്‍വരാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് നടപ്പാക്കാനാകാത്ത വലിയ വാഗ്ദാനങ്ങള്‍ നല്‍കണമെന്ന് ഞങ്ങളുടെ ആളുകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നെങ്കില്‍ അവ വലിയ പ്രശ്‌നമാകില്ലായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ജനങ്ങള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു. ഞങ്ങളവയെ ചിരിച്ചുതള്ളി നടന്നുനീങ്ങുകയാണ്.’ കേന്ദ്ര ഉപരിതല ഗതാഗത വകപ്പുമന്ത്രിയും ബി.ജെ.പിയുടെ മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി തന്റെ മഹാരാഷ്ട്ര സംസ്ഥാനത്തെ മറാത്തി ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് മേല്‍വാചകങ്ങള്‍ ഉപവചിച്ചത്. കേള്‍ക്കുമ്പോള്‍ ഏവരും തലകുലുക്കി സമ്മതിക്കുന്ന നഗ്നയാഥാര്‍ത്ഥ്യമാണ് പ്രധാനമന്ത്രി മോദിയുടെ വിശ്വസ്ഥനായ നിതിന്‍ ഗഡ്കരി തുറന്നുപറഞ്ഞിരിക്കുന്നത്. മറാത്തി പ്രാദേശിക ഭാഷാചാനലായതിനാല്‍ തന്റെ വാക്കുകള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതിയോ, അതല്ലെങ്കില്‍ സൂക്ഷ്മതയോടെയും ബുദ്ധിപൂര്‍വവും മാധ്യമ പ്രവര്‍ത്തകന്‍ ഒരുക്കിയ ചോദ്യത്തില്‍ വീണു പോകുകയോ ഏതായാലും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മേല്‍പ്രസ്താവം രാജ്യത്തിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്‍ തരംഗമായി മാറിയിരിക്കുകയാണ്. എത്രതന്നെ തമസ്‌കരിക്കാന്‍ പരിശ്രമിച്ചാലും സത്യം എന്നായാലും പുറത്തുവരുമെന്നതിനുള്ള ഒന്നാം തരം ഉദാഹരണമാണിത്. എന്നാല്‍ സത്യം പുറത്തുപറയുക മാത്രമല്ല, തങ്ങളുടെ ചതിയെക്കുറിച്ച് മാപ്പു ചോദിച്ച് വോട്ടര്‍മാരുടെ മുന്നില്‍ തങ്ങളുടെ അധികാരക്കസേരകള്‍ ഒഴിഞ്ഞുപോകുകയാണ് ഗഡ്കരിയും മോദി സര്‍ക്കാരും ചെയ്യേണ്ടത്.
ഗഡ്കരിയുടെ പ്രസ്താവന ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പതിവുപോലെ സമൂഹ മാധ്യമത്തിലൂടെയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മന്ത്രിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി സമൂഹ മാധ്യമത്തിലൂടെ ട്വീറ്റ് ചെയ്തതാണ് വിഷയം കൂടുതല്‍ ജനശ്രദ്ധ ലഭിക്കാന്‍ സഹായകമായത്. ‘ശരിയാണ് പറഞ്ഞത്. ജനങ്ങളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും തങ്ങളുടെ അത്യാര്‍ത്തിക്ക് ഇരയാക്കുകയായിരുന്നു’. രാഹുല്‍ രേഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വാനോളമുണ്ടായിരുന്ന പ്രതീക്ഷകളെയാകെയാണ് നാലര കൊല്ലം മുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നിഷ്‌കരുണം തല്ലിക്കെടുത്തിയതെന്നത് സചിന്തിതമായ വസ്തുത മാത്രമാണ്. കഴിഞ്ഞ മോദി കാലഘട്ടം രാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍വരംഗത്തുമുള്ള അധോഗതിയുടെ കാലമായിരുന്നു. സംഘടിത കൊള്ളയെന്ന് നോട്ടു നിരോധനത്തെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചെങ്കില്‍ സത്യത്തില്‍ ബി.ജെ.പിക്കാരുടെയും ഹിന്ദുത്വ വര്‍ഗീയവാദികളുടെയും കൈകളിലെ കൊള്ള ഇരയായിരുന്നു മഹത്തായ നമ്മുടെ രാജ്യം. സാമ്പത്തിക കൊള്ളമാത്രമായിരുന്നില്ല ഇവിടെ സംഭവിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ജാതീയമായി പിന്തള്ളപ്പെട്ടവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം രാജ്യത്ത് അനുഭവിക്കേണ്ടിവന്ന തീക്ഷ്ണമായ കെടുതികളും ആക്രമണങ്ങളും സ്വാതന്ത്ര്യാനന്തരം ഇതാദ്യമായിരുന്നു. നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുക വഴി 2016 നവംബറില്‍ പ്രധാനമന്ത്രി നടത്തിയ സാമ്പത്തിക സാഹസികതയുടെയും ചരക്കുസേവന നികുതിയിലൂടെ വരുത്തിവെച്ച വ്യാപാര നഷ്ടത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങള്‍വഴി അമിതമായ നികുതി അടിച്ചേല്‍പിച്ചതിലൂടെയും രാജ്യത്തെ 130 കോടി ജനത ശ്വാസംമുട്ടി മരിക്കേണ്ട അവസ്ഥയുണ്ടായി. ഇതിനുപുറമെയാണ് വര്‍ഗീയക്കോമരങ്ങളുടെ അഴിഞ്ഞാട്ടം. തെക്കേ ഇന്ത്യയിലൊഴികെ രാജ്യത്തിന്റെ പലയിടത്തും ജനങ്ങള്‍ക്ക് വിശേഷിച്ചും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ജീവിക്കാന്‍ വയ്യാതായി. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ജനവിഭാഗങ്ങള്‍ പടിപടിയായി സാമൂഹികമായി സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു ശ്വസിക്കാന്‍ ആരംഭിച്ച കാലത്താണ് 2014 മേയില്‍ അതിവര്‍ഗീയതയും അതിദേശീയതയും മുതലെടുത്ത് ബി.ജെ.പിയും സംഘ്പരിവാരവും വെറും 33 ശതമാനം വോട്ടുകളുടെ ജനാധിപത്യ പിന്‍ബലത്തില്‍ അധികാരത്തിലേറിയത്. പ്രതിപക്ഷത്തെ വിവിധ കക്ഷികളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു ഇതിന് കാരണമായതെന്ന് ഇന്നെല്ലാവരും സമ്മതിച്ചുകഴിഞ്ഞു.
എന്തെല്ലാം വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി നല്‍കിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ലെങ്കിലും, അവയെന്തൊക്കെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. നോട്ടുനിരോധനം മുതല്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും സാംസ്‌കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കലും കൊടിയ വിലക്കയറ്റവും വരെ അത് നീളുന്നു.
അച്ചേദിന്‍ (നല്ലനാളുകള്‍ ) വരുമെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്തെ ബി.ജെ.പി നേതാക്കളുടെ വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് -2016 സെപ്തംബറില്‍-ഗഡ്കരിക്കുതന്നെ അതുണ്ടാവില്ലെന്ന് പരസ്യമായി സമ്മതിക്കേണ്ടിവന്നു. കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് 15 ലക്ഷം വീതം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലിടുമെന്ന് പ്രസ്താവിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നെയായിരുന്നു. ഇതിന് കഴിയാതെ വന്നപ്പോഴാണ് കള്ളപ്പണക്കാര്‍ക്കെതിരെ എന്ന് പറഞ്ഞ് കുത്തക വ്യവസായികള്‍ക്ക് പരമാവധി സഹായം ചെയ്തുകൊടുത്തത്. നീരവ് മോദി (113000 കോടി) ബി.ജെ.പി എം.പിയും കുത്തക വ്യവസായിയുമായ മല്യ (9000 കോടി). നോട്ടുനിരോധനത്തിന് പകരം പുതിയ നോട്ടടിക്കാനായി നഷ്ടപ്പെടുത്തിയത 7965 കോടി. കള്ളനോട്ടുകള്‍ പിടിക്കാനെന്ന പേരില്‍ പിന്‍വലിച്ച 500,1000 നോട്ടുകളില്‍ തിരിച്ചെത്തിയത് 99.3 ശതമാനമാണെന്ന് റിസര്‍വ ്ബാങ്ക് പറഞ്ഞു. മോദി നേരിട്ടാണ് താന്‍ വലിയ സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിടുന്നുവെന്ന ്കാട്ടാനായി ഈ പമ്പരവിഡ്ഢിത്തം അടിച്ചേല്‍പിച്ചത്. സാധാരണ ജനം പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പട്ടേല്‍, ശിവജി പ്രതിമകള്‍ നിര്‍മിക്കാന്‍ എഴുതിക്കൊടുത്തത് 7000 കോടി. 2461 കോടി എസ്.ബി.ഐ നഷ്ടം വരുത്തിയത് കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ വേണ്ടി. ഇതേ എസ്.ബി.ഐ 6700 കോടി അദാനിക്ക് വായ്പ നല്‍കിയത് ഓസ്‌ട്രേലിയയില്‍ വ്യവസായം തുടങ്ങാന്‍. രാജ്യം കണ്ട ഏറ്റവും വലിയ റഫാല്‍ ഫ്രഞ്ച് യുദ്ധ വിമാന ഇടപാടിലെ അഴിമതി തുകയുടെ കണക്ക് 40,000 കോടി വരും. സ്വന്തം സുഹൃത്തായ, കടം കൊണ്ട് വലയുന്ന അനില്‍ അംബാനിയെ രക്ഷപ്പെടുത്താന്‍. ഇതൊക്കെ മറന്നെന്നു കരുതി ക്ഷേത്രത്തിന്റെ കാര്യവും പറഞ്ഞ് അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ ഇക്കൂട്ടര്‍ വീണ്ടും വരും, കരുതിയിരിക്കുക. അതല്ലെങ്കില്‍ നമ്മുടെ രാജ്യം 2016ല്‍ പ്രധാനമന്ത്രിതന്നെ കേരളത്തില്‍ വന്ന് പരിഹസിച്ച സോമാലിയയുടെ അവസ്ഥയിലാകും.
- 6 years ago
chandrika
Categories:
Video Stories