X
    Categories: indiaNews

ഹിമാചലില്‍ ആശങ്കയോടെ ബി.ജെ.പി കേന്ദ്രങ്ങള്‍

സിംല: മൂന്നു പതിറ്റാണ്ടായി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന കീഴ്‌വഴക്കം ഹിമാചല്‍പ്രദേശിലെ ഭരണത്തുടര്‍ച്ചക്കുള്ള ബി.ജെ.പി മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം കാഴ്ച വെക്കാനായിരുന്നെങ്കിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ടത് വന്‍തിരിച്ചടിയാണ്. ഭരണത്തുടര്‍ച്ച എന്ന ബി.ജെ.പിയുടെ ലക്ഷ്യം അസാധ്യമാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.

നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മുഖ്യ കക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇതിനൊപ്പമാണ് 1990നു ശേഷം ഒരു കക്ഷിക്കും ഭരണത്തുടര്‍ച്ച ലഭിച്ചിട്ടില്ല എന്ന വെല്ലുവിളി കൂടി ബി.ജെ.പിയെ കാത്തിരിക്കുന്നത്.

താരതമ്യേന ചെറിയ സംസ്ഥാനമാണെങ്കിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെയാണ് ഹിമാചല്‍ പ്രദേശില്‍ സ്വാധീനം. ശരാശരി 40 ശതമാനം വോട്ടുവിഹിതം രണ്ടു കക്ഷികള്‍ക്കും ലഭിക്കാറുണ്ട്. ഏതു കക്ഷി അധികാരത്തില്‍ വന്നാലും അത് നേരിയ ഭൂരിപക്ഷത്തില്‍ മാത്രമായിരിക്കും എന്നതും ഹിമാചലിന്റെ സവിശേഷതയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഈ ട്രെന്‍ഡിന് ചെറിയ മാറ്റമുണ്ടായത്. അന്ന് ബി.ജെ.പിക്ക് 69 ശതമാനം വോട്ടു വിഹിതം നേടാനായിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ ഒരു കക്ഷിക്ക് 60 ശതമാനത്തില്‍ കൂടുതല്‍ വോട്ടു ലഭിക്കുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 29 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 30 ശതമാനത്തിനു താഴേക്ക് എത്തുന്നതും ആദ്യമായിട്ടായിരുന്നു.

എന്നാല്‍ 2021ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചിത്രം മാറി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പിയെ കാത്തിരുന്നത് വന്‍ തോല്‍വിയാണ്. ഫത്തേപൂരിലും അര്‍കിയിലും ജുബ്ബാല്‍ കോക്കൈയിലും വലിയ തിരിച്ചടി നേരിട്ടു. മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്നത് വന്‍ അട്ടിമറിയായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫത്തേപൂരില്‍ ബി.ജെ.പിയുടെ വോട്ടു വിഹിതത്തിലുണ്ടായ കുറവ് 42 ശതമാനമായിരുന്നു.

ദേശീയാടിസ്ഥാനത്തില്‍ തന്നെ ഇത്തരമൊരു ട്രന്‍ഡ് പ്രകടമാണ്. 2019ല്‍ ബി.ജെ.പിക്ക് 60 ശതമാനത്തില്‍ കൂടുതല്‍ വോട്ടു ലഭിച്ച സംസ്ഥാനങ്ങളായിരുന്നു ഗുജറാത്തും ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും. ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ വോട്ടു വിഹിതത്തില്‍ 18 ശതമാനത്തിന്റെ കുറവാണ് 2019നെ അപേക്ഷിച്ച് ഉണ്ടായത്. ഇതിനു പുറമെ ഹരിയാനയില്‍ 22 ശതമാനവും ജാര്‍ഖണ്ഡില്‍ 19 ശതമാനവും 2019നെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ടു വിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.

Test User: