X

കര്‍ഷകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി; നോട്ടീസ് അയച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍

പഞ്ചാബില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫരീദ്കോട്ട് സ്ഥാനാര്‍ത്ഥിയായ ഹന്‍സ് രാജ് ഹന്‍സാണ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ ഫരീദ്കോട്ട് റിട്ടേര്‍ണിങ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ വിനീത് കുമാര്‍ നോട്ടീസ് അയക്കുകയായിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി. എസ്.കെ.എമ്മിന്റെ പരാതിയില്‍ 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പത്മശ്രീ അവാര്‍ഡ് ജേതാവായ ഹന്‍സ് ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെ കര്‍ഷകരെ ഭീഷണിപ്പെടുത്തിയെന്നാണ് എസ്.കെ.എമ്മിന്റെ പരാതി.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും പരാതിയില്‍ പറയുന്നു. വീഡിയോയില്‍ തന്നെ എതിര്‍ക്കുന്നവരെ ജൂണ്‍ ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്ന് ഹന്‍സ് പറയുന്നതായി കാണാമെന്നും എസ്.കെ.എം ചൂണ്ടിക്കാട്ടി. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറമെ ഹന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഹന്‍സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ലംഘിച്ചുവെന്ന് ആം ആദ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശിരോമണി അകാലിദള്‍ പാര്‍ട്ടി നേതാവ് ബിക്രം സിങ് മജിതി ഹന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഹന്‍സിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഞായറാഴ്ച പഞ്ചാബില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബിലെ മണി സിങ് വാല എന്ന ഗ്രാമത്തില്‍ നടന്ന ഹന്‍സിന്റെ പ്രചരണ പരിപാടി കര്‍ഷകര്‍ തടസപ്പെടുത്തുകയും ചെയ്തു.

webdesk13: