ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പണം 13ന് ആരംഭിക്കാനിരിക്കെ, കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഏപ്രില്‍ അഞ്ചിന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ ആദ്യ പ്രഖ്യാപനം. പിന്നീട് ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. എന്നാല്‍ ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടാകുമെന്നാണ്.
എന്നാല്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇന്ന് പുറത്തിറക്കുകയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തര്‍ക്കം രൂക്ഷമായ മണ്ഡലങ്ങളുടെ കാര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയേക്കും. സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കുന്നതിനായി ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നലെ ഡല്‍ഹിയിലെ ബി. ജെ.പി ആസ്ഥാനത്തു ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിമാരും ജനറല്‍ സെക്രട്ടറിമാരും മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെയും മുതിര്‍ന്ന നേതാവ് ബി.എസ് യദ്യൂരപ്പയും സംബന്ധിച്ച യോഗത്തില്‍ പക്ഷേ, മഴുവന്‍ സീറ്റുകളുടെ കാര്യത്തിലും ധാരണ എത്താനാകാതെ പിരിയുകയായിരുന്നു.
സി.ഇ.സി യോഗത്തിനു മുന്നോടിയായി തിരക്കിട്ട ചര്‍ച്ചകളാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയത്. ബാസവരാജ് ബൊമ്മൈയുമായും യദ്യൂരപ്പയുമായും മാറി മാറി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരു വിഭാഗവും പിടിവാശി തുടര്‍ന്നതോടെ ഏറെക്കുറെ ധാരണയെത്തിയ സീറ്റുകളുടെ കാര്യം സി.ഇ.സി യോഗത്തില്‍ അവതരിപ്പിച്ച് അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.