X

പിടിവലി തീരാതെ ബി.ജെ.പി; പട്ടിക ത്രിശങ്കുവില്‍

കോഴിക്കോട്: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല. ഇഷ്ട സീറ്റുകള്‍ നേടിയെടുക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പിടിവാശിയുമായി രംഗത്തെത്തിയതോടെ ലിസ്റ്റ് എപ്പോള്‍ തയാറാകുമെന്നുപോലും പറയാനാവാത്ത അവസ്ഥയിലാണ് നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന വീമ്പുമായി നിലയുറപ്പിച്ച ബി.ജെ.പിയുടെ അണികളും ഇതോടെ അങ്കലാപ്പിലാണ്.

പത്തനംതിട്ട, തൃശൂര്‍, കൊല്ലം സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. താല്‍പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നേതാക്കള്‍. തമ്മിലടിയില്‍ ആര്‍.എസ്.എസിന് കടുത്ത അതൃപ്തിയുണ്ടെങ്കിലും എന്തു ചെയ്യണമെന്ന് അവര്‍ക്കും പിടിയില്ല. ശബരിമല വിഷയമുള്‍പ്പടെ വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലും ഇതോടെ പാളി. കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസിന്. എന്നാല്‍ പത്തനം തിട്ട കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രനും പാലക്കാട് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് എം.ടി രമേശും നിലപാടെടുത്തിട്ടുണ്ട്. പത്തനം തിട്ട ചോദിച്ച കേന്ദ്രമന്ത്രി കണ്ണന്താനത്തിന് കൊല്ലം നല്‍കിയെങ്കിലും അദ്ദേഹവും ഇത് അംഗീകരിച്ചിട്ടില്ല. ഫലത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വം.

chandrika: