X

“മോദി പാവങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല”; അമിത് ഷായെ തിരുത്തിയ ബി.ജെ.പി എം.പിക്കും തെറ്റി

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി. ഇത്തവണയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി എം.പി പ്രഹ്ലാദ് ജോഷിയുമായിരുന്നു കഥാപാത്രങ്ങള്‍. ‘നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല-അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പ്രഹ്ലാദ് ജോഷി പറഞ്ഞിങ്ങനെ.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്നാണ് അമിത് ഷായുടെ ആരോപണം. എന്നാല്‍ പ്രഹ്ലാദ് ജോഷി പരിഭാഷപ്പെടുത്തിയപ്പോള്‍ സിദ്ധരാമയ്യക്ക് പകരം മോദി കയറി വന്നു. ഇതിന്റെ വിഡിയോയും സൂമഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തുന്നതിനിടെ അഴിമതിയില്‍ ആരെങ്കിലും ഒരു മത്സരം നടത്തുകയാണെങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായതോടെ അമിത് ഷായുടെ തൊട്ടടുത്തുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി ഇടപെട്ടു. ഇതോടെ താന്‍ ഉദ്ദേശിച്ചത് സിദ്ധരാമയ്യയെ ആണെന്ന് അമിത് ഷാ തിരുത്തി. എല്ലാം കേട്ട് ഞെട്ടി അമിത് ഷായുടെ വലതുവശത്ത് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ഇരിപ്പുണ്ടായിരുന്നു. അമിത് ഷായും സത്യം പറയുമെന്ന് കളിയാക്കി കോണ്‍ഗ്രസ് നാക്കുപിഴ ആഘോഷമാക്കി. ഇതിന് പിന്നാലെ പ്രഹ്ലാദ് ജോഷിക്കുണ്ടായ അബദ്ധവും പ്രചാരണ വിഷയമായിട്ടുണ്ട്.

chandrika: