ഗോത്രവിഭാഗങ്ങളെ കോൺഗ്രസ് പാർട്ടി ആദിവാസികൾ എന്ന് വിശേഷിപ്പിക്കുമ്പോൾ, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴാണ് രാഹുലിന്റെ പ്രതികരണം. ആദിവാസിയും വനവാസിയും തമ്മിലുള്ള വ്യത്യാസവും രാഹുൽ വിവരിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ മജുലിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചത്.
‘‘ഞങ്ങൾ നിങ്ങളെ ആദിവാസികൾ എന്നാണു വിളിക്കുന്നത്. അവർ നിങ്ങളെ വനവാസികളെന്നും. രണ്ടിന്റെയും വ്യത്യാസം എന്താണെന്നു നിങ്ങൾക്ക് അറിയാമോ? ആദിവാസി എന്നാൽ ആദിമ പൗരന്മാരെന്നാണ് അർഥം. ഭൂമിയിലേക്ക് ആദ്യം എത്തിയവർ. വനവാസിയെന്നാൽ വനത്തിൽ തന്നെ ജീവിക്കുന്നവർ. നിങ്ങൾ വനത്തിൽ തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ബിജെപിക്കാർ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘കോളജുകളിലും യൂണിവേഴ്സിറ്റികളിലും നിങ്ങളുടെ കുട്ടികള്‍ പോകുന്നതും ഇംഗ്ലിഷ് പഠിക്കുന്നതും ബിസിനസ് നടത്തുന്നതും അവർക്ക് താൽപര്യമില്ല. നിങ്ങളിൽനിന്ന് എന്താണോ എടുത്തത് അതു തിരികെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം നിങ്ങള്‍ക്കു തിരികെ ലഭിക്കണം. നിങ്ങളുടേത് നിങ്ങൾക്കു തിരികെ നൽകാനാണു ഞങ്ങൾ ട്രൈബൽ ബില്ലുകളും നിയമങ്ങളും കൊണ്ടുവന്നത്.’’– രാഹുൽ ഗാന്ധി പറഞ്ഞു.