ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ അല്ലാത്തവര്‍ക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.
‘ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദളിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയത് തെറ്റാണെങ്കില്‍, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുല്‍ ഗാന്ധി പറഞ്ഞു.
25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാല്‍, യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങള്‍ തള്ളുന്നതിനിടയില്‍ ബി.ജെ.പി നിങ്ങളുടെ കടങ്ങള്‍ ഒരിക്കലും എഴുതിത്തള്ളില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജാര്‍ഖണ്ഡ് സന്ദര്‍ശനമായിരുന്നു. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും.