X

യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ ദേശീയഗാനം ബഹിഷ്‌കരിച്ച് ബി.ജെ.പി

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു കാത്തു നില്‍ക്കാതെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബി.ജെ.പി. ദേശീയഗാനം ബഹിഷ്‌കരിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ വിട്ടതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

സഭ പിരിയുമ്പോള്‍ ദേശീയ ഗാനം പതിവാണ്. എന്നാല്‍ യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനത്തിനു ശേഷമുള്ള ദേശീയ ഗാനാലാപനം ബഹിഷ്‌കരിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ വിടുകയായിരുന്നു. ബി.ജെ.പി അംഗങ്ങള്‍ മാത്രമല്ല, ഗവര്‍ണര്‍ വാജുഭായി വാല പ്രോടേം സ്പീക്കറായി നിയമിച്ച കെ.ജി ബൊപ്പയ്യയും ദേശീയഗാനത്തെ അവഹേളിച്ച് സഭയില്‍ നിന്ന് ഇറങ്ങിപോയി.

ദേശീയത വാദിക്കുന്ന ബി.ജെ.പിയില്‍ നിന്നു തന്നെ ഇത്തരമൊരു നീക്കമുണ്ടായത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദേശീയഗാനത്തോടുള്ള ബി.ജെ.പിയുടെ അവഹേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തുവന്നു.

ദേശീയഗാനത്തോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടുന്നത് ബി.ജെ.പിയുടെ ജനാധിപത്യത്തോടുള്ള മര്യാദക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയാല്‍ ഏതു ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു നേരെയും ബി.ജെ.പിയും ആര്‍എസ്എസും ഇത്തരത്തില്‍ അനാദരവ് കാണിക്കുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

chandrika: