ബി.ജെ.പി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന് തുറന്നടിച്ച് വിജയപുര മണ്ഡലത്തിലെ ബിജെപി എംപി രമേഷ് ജിഗജിനാഗി. കേന്ദ്രമന്ത്രമാരില് ഭൂരിഭാഗവും ഉന്നതജാതിക്കാരാണെന്നും ദളിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്നും ജിഗജിനാഗി പറഞ്ഞു.
‘ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും അങ്ങോട്ട് പോകരുതെന്നും തന്നോട് ഒരുപാട് പേര് പറഞ്ഞിരുന്നു. തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ആഗ്രഹമില്ല. എന്നാല്‍ എംപിയായി തിരിച്ചെത്തിയ ശേഷം മന്ത്രിയാകാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി ജനങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപി ദളിത് വിരുദ്ധത ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ത്തന്നെ ആലോചിക്കണമായിരുന്നു.’; രമേഷ് ജിഗജിനാഗി പറഞ്ഞു.
‘ഒരു ദളിതനായ ഞാന്‍ ഏഴ് തവണയാണ് ദക്ഷിണേന്ത്യയില്‍ വിജയിച്ചത്. എന്നിട്ടും ഉന്നതജാതിക്കാര്ക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങളെല്ലാം. ദലിതുകള്‍ ബിജെപിയെ പിന്തുണച്ചിട്ടേയില്ലേ? ഇത് എന്നെ വേദനിപ്പിക്കുകയാണ്’; ജിഗജിനാഗി കൂട്ടിച്ചേര്‍ത്തു.
72 വയസുള്ള രമേഷ് ജിഗജിനാഗി 1998ലാണ് ആദ്യമായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നത്. 2016 മുതല്‍ 2019 കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.