X

ദളിത് വീട്ടിലെ ‘ഷോ’ ; ഉത്തരംമുട്ടി യെഡ്യൂരപ്പയും ബിജെപിയും

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെഡ്യൂരപ്പ പുതിയ വിവാദത്തില്‍. ദളിത് കുടുംബത്തെ അധിക്ഷേപിച്ചതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ: സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി ദളിത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായാണ് യെഡ്യൂരപ്പയുടെ കാര്യാലയവും ബിജെപിയും പ്രചരിപ്പിച്ചത്. എന്നാല്‍ ദളിത് വീട്ടിലെത്തി യെഡ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാണ്ഡ്യയില്‍ നിന്നുള്ള ഡോ.വെങ്കടേഷാണ് ബിജെപി നേതാവിന്റെ തനിനിറം പുറത്തുകാട്ടി ദളിതരോട് ഇപ്പോഴും തൊട്ടുകൂടായ്മയാണ് എന്നാണ് ആരോപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് വിവാദങ്ങള്‍ക്കാധാരമായ സന്ദര്‍ശനം നടക്കുന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ദളിത് വീട്ടിലെത്തിയാണ് മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ ഭക്ഷണം കഴിച്ചത്. ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം ഹോട്ടലില്‍ നിന്ന് വരുത്തിയ ഇഡ്ഡലിയും വടയുമാണ് യെഡ്യൂരപ്പ കഴിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ ബിജെപി ഘടകം യെഡ്യൂരപ്പയെ പ്രതിരോധിക്കാന്‍ പ്രസ്താവനയുമായി രംഗത്തെത്തി. ബിജെപിയുടെ കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് ഹോട്ടല്‍ ഭക്ഷണമാണ് യെഡ്യൂരപ്പ കഴിച്ചതെന്ന് വിവാദത്തിനൊടുവില്‍ സമ്മതിച്ചെങ്കിലും ദളിത് വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് വാദിക്കുന്നത്. യെഡ്യൂരപ്പക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണ് പുറത്തുനിന്നും വാങ്ങിച്ചതെന്നും ആ വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് ഇപ്പോള്‍ ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.

ഏതായാലും രാഷ്ട്രീയ നാടകങ്ങളുടെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരുമ്പോള്‍ നാണക്കേടിന്റെ കുഴിയില്‍ വീഴുന്നത് ബിജെപിയും അവരുടെ പൊള്ളയായ പ്രകടനങ്ങളുമാണ്. ഒരു രാഷ്ട്രീയക്കാരനും ഇത്തരത്തില്‍ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പ്രതികരിച്ചു.

chandrika: