കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ മന്ത്രി. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചില്ലെങ്കില്‍ മമതാ ബാനര്‍ജിയെ അവര്‍ രഹസ്യമായി കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ മന്ത്രി സുബ്രതാ മുഖര്‍ജി പറഞ്ഞത്. സംസ്ഥാനത്ത് നടത്തിയ ഒരു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപി ജയിച്ചില്ലെങ്കില്‍ അവര്‍ രഹസ്യമായി ആളെ അയച്ച് മമതയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തും,’ അദ്ദേഹം പറഞ്ഞു.ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ പോര് തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സുബ്രതാ മുഖര്‍ജിയുടെ പ്രസ്താവന. നേരത്തെ ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബംഗാളില്‍ അട്ടിമറി നടത്താനാണ് അമിത് ഷാ പദ്ധതിയിടുന്നതെന്നാണ് തൃണമൂലിന്റെ ആരോപണം.പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായത്.
ഇതിനിടയില്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ബംഗാളില്‍ നിന്ന് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരേയും കേന്ദ്രം തിരികെ വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ബിജെപി ആരോപിച്ചിരുന്നു.