കോഴിക്കോട്: കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സാധ്യത വിരളമാണെന്ന് മനസിലാക്കിയ ബി.ജെ.പി മുന്നണി സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി പ്രധാനമായും കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുരേഷ് ഗോപി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബി.ജെ.പി നോക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല, ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.പി മുകുന്ദന്‍, കെ.രാമന്‍പിളള തുടങ്ങിയവരെ പാര്‍ട്ടിയുടെ സംഘടന നേതൃനിരയിലേക്ക് കൊണ്ടുവരാനും നീക്കം നടത്തുന്നുണ്ട്.
ഒരു വിഭാഗം നേതാക്കള്‍ക്ക് ഇവരോടുള്ള അതൃപ്തിയാണ് തടസമായി നില്‍ക്കുന്നകത്. നിലവില്‍ എന്‍.ഡി.എയില്‍ ശക്തമായ പാര്‍ട്ടിയില്ല. യുഡിഎഫുമായി പിണങ്ങി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ പാട്ടിലാക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഏശിയില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടി എന്‍ഡിഎയില്‍ ഇല്ലെന്നതും തിരിച്ചടിയാണ്. സുരേഷ് ഗോപിയെ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാമെന്നാണ് ഒരി വിഭാഗം കണക്ക് കൂട്ടുന്നത്. അതേസമയം ഗ്രൂപ്പിസം പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത് മുതല്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചിരുന്നു. ഇക്കാര്യം കുമ്മനം തന്നെ തുറന്ന് സമതിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബി.ജെ.പി മുന്നോട്ട് പോയിരുന്നു. അതും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും നേതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.