X
    Categories: Culture

സാഹിത്യകാരന്മാര്‍ക്കെതിരെ ബി.ജെ.പി പ്രമേയം; ലക്ഷ്യം എം.ടി

കോട്ടയം: നോട്ട് നിരോധനത്തെ എതിര്‍ത്തതിന്റെ പേരില്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെപിയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടിന് പിന്നാലെ സാഹിത്യ നായകന്മാരെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ പ്രമേയം. അവാര്‍ഡുകളുടെയും പുരസ്‌കാരങ്ങളുടെയും മുമ്പില്‍ മനുഷ്യത്വവും ധാര്‍മ്മികതയും പണയപ്പെട്ട് പോകുന്നവരുടെ നീതിബോധത്തെ സാംസ്‌കാരിക കേരളം വിലയിരുത്തണമെന്ന് കോട്ടയത്ത് നടന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

 

എംടിയുടെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെങ്കിലും വിമര്‍ശനം അദ്ദേഹത്തെക്കൂടി ലക്ഷ്യമിട്ടാണെന്ന് വ്യക്തം. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ ഇനിയും മാറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും എം.ടി ആവര്‍ത്തിച്ചിരുന്നു. നരേന്ദ്രമോദിയെയും കറന്‍സി നിരോധനത്തെയും എംടി എതിര്‍ത്തത് കൊണ്ടാണ് അദ്ദേഹത്തെ ബി.ജെ.പി എതിര്‍ക്കുന്നതെന്നാണ് പാര്‍ടിയുടെ വിശദീകരണം. അതേ സമയം അക്രമ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക നായകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തു. ബി.ജെ.പിയെ അനുകൂലിക്കുന്നവര്‍ ശരി, എതിര്‍ക്കുന്നവര്‍ തെറ്റ് എന്നതാണ് പാര്‍ടിയുടെ നിലപാടെന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

 

നോട്ട് നിരോധനത്തെ എതിര്‍ത്തതിന്റെ പേരില്‍ സംഘപരിവാര്‍ എം.ടിക്കെതിരെ രംഗത്ത് വന്നപ്പോള്‍ മതേതര കേരളം എം.ടിക്കൊപ്പം ഒറ്റക്കെട്ടായി നിന്നത് ബി.ജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. എം.ടിക്കെതിരെ എ.എന്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വന്നെങ്കിലും യാതൊരു നടപടിയും വേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. വിഭാഗീയത ശക്തമാകുമെന്നതിനാല്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ച പ്രമുഖ നേതാവ് സി.കെ പത്മനാഭനെതിരെയും നടപടിയുണ്ടായില്ല.

chandrika: