X
    Categories: CultureMoreNewsViews

രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ മോദി പതറുന്നു: രാഹുല്‍ പാക്കിസ്ഥാന്‍ ചാരനെന്ന് വീണ്ടും ബി.ജെ.പി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിക്ക് അടിപതറുന്നു. റഫാല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാത്ത ബി.ജെ.പി നേതൃത്വം പതിവ് പോലെ രാഹുലിനെതിരെ പാക് ബന്ധമാരോപിച്ച് രംഗത്തെത്തി. ബി.ജെ.പി വക്തമാവ് സാംബിത് പത്രയാണ് രഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി മഹാസഖ്യം രൂപപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ നിരവധി ശക്തികള്‍ ഇന്ത്യയുടെ തകര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസും അതിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹം. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്നും പത്ര ആരോപിച്ചു.

രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാടില്‍ ആരോപണം കടുപ്പിച്ചതോടെയാണ് ബി.ജെ.പി അദ്ദേഹത്തിനെതിരെ പാക് ബന്ധം എന്ന അവസാന അടവുമായി രംഗത്ത് വരാന്‍ തുടങ്ങിയത്. ഖത്തറിന് ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലക്ക് എങ്ങനെ റഫാല്‍ വിമാനങ്ങള്‍ കിട്ടി? റിലയന്‍സിന് എന്ത് പരിചയമാണ് യുദ്ധവിമാന നിര്‍മാണത്തിലുള്ളത്? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ശരിവെച്ച് മുന്‍ ഫ്രഞ്ച് പ്രസിഡണ്ടും രംഗത്ത് വന്നിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ അദ്ദേത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയതോടെയാണ് ബി.ജെ.പി പതിവുപോലെ പാക്കിസ്ഥാന്‍ ബന്ധമാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: