ഹൈദരാബാദ്: ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം പത്മാവതിക്കെതിരെ ബി.ജെ.പി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് പറഞ്ഞു. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ഹിന്ദുസംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് രാജാസിംഗ് പറഞ്ഞു. റിലീസ് ചെയ്താല്‍ തിയ്യേറ്ററുകള്‍ കത്തിക്കും. ഏത് തിയ്യേറ്ററുകളായാലും കത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാജാസിംഗ് പറഞ്ഞു. രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഹൈദരാബാദില്‍ മാത്രം ഒന്നും കാണുന്നില്ല. നിങ്ങളുടെ രക്തം തണുത്തുപോയതുകൊണ്ടാണോ ഇത്. ഇന്ത്യന്‍ രാജാക്കന്‍മാര്‍ സ്വന്തം കാര്യത്തിലല്ല, രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാടിയിട്ടുള്ളത്. ചിത്രത്തിന്റെ റിലീസിന് രജപുത്രന്‍മാരുടെ അംഗീകാരം തേടണം. പത്മാവതിയുടെ റിലീസ് തടയുന്നതിന് രജപുത്രര്‍ സോഷ്യല്‍മീഡിയയില്‍ സംഘടിക്കണമെന്നും രാജാസിംഗ് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടയുമെന്നും തിയ്യേറ്ററുകള്‍ കത്തിക്കുമെന്നും ഭീഷണിമുഴക്കിയ രാജാസിംഗ് സംവിധായകന്‍ ബന്‍സാലിയെ നായയാണെന്നും അധിക്ഷേപിച്ചു.
160 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ബാഹുബലിയേക്കാള്‍ മികച്ച ചിത്രമാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.