X

കണ്ണന്താനത്തിന്റെ സെക്രട്ടറിയായി എന്‍ പ്രശാന്ത്; എതിര്‍പ്പുമായി ബി.ജെ.പി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ മറ്റുമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരെ എന്‍.ഡി.എയിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്‍. പ്രശാന്ത് കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുമായി ഒരു വിഭാഗം എത്തിയിരിക്കുന്നത്. കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ ഏറെ ജനകീയനായ കളക്ടറായിരുന്നു എന്‍.പ്രശാന്ത്. ഓപ്പറേഷന്‍ സുലൈമാനി ഉള്‍പ്പെടെയുള്ള പേരുകേട്ട പദ്ധതികള്‍ കൊണ്ടുവന്നതും പ്രശാന്തായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചിരുന്ന പ്രശാന്തിന് ‘കളക്ടര്‍ ബ്രോ’ എന്നായിരുന്നു വിളിപ്പേര്.

chandrika: