ന്യൂഡല്‍ഹി: കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ദുബെ പറഞ്ഞു.
സംസ്ഥാനത്തെ സി.പി.എം അക്രമം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വേണം. സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ക്രമസമാധാന നില തകര്‍ന്നുവെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ സി.പി.എം എംപിമാര്‍ രംഗത്തുവന്നു. എം.പിമാര്‍ സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇടത് എം.പിമാരുടെ പ്രതിഷേധം.
ശബരിമല യുവതീപ്രവേശനത്തെത്തുടര്‍ന്ന് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍ രാവിലെ പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു നൂറോളം ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തിയിരുന്നു.